മരംമുറിയിലെ അനിശ്ചിതത്വം വളവുപാറ റോഡ് നിര്‍മാണം വൈകും
ഇരിട്ടി: റോഡരികിലെ മരംമുറിക്കുന്നതില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നിര്‍മാണത്തെ പ്രതിസന്ധിയിലാക്കുന്നു. ഇരിട്ടി പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗങ്ങളുടെ നവീകരണമാണു പ്രതിസന്ധിയിലായത്. മൂന്നു റീച്ചുകളിലെ ആദ്യ റീച്ചിലുള്ള ഇരിട്ടി പാലം മുതല്‍ ബെന്‍ഹില്‍ വരെയുള്ള ദൂരത്തെ 226 മരങ്ങള്‍ മുറിക്കാന്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗം വില നിശ്ചയിച്ചു നല്‍കിയിരുന്നു. 12 ലക്ഷത്തിലധികം രൂപയായിരുന്നു സംഖ്യ. രണ്ടു ലേലങ്ങള്‍ നടത്തിയെങ്കിലും വില അധികമാണെന്നു പറഞ്ഞ് ആരും മരം ലേലത്തിനെടുത്തില്ല. മൂന്നാമത് ടെന്‍ഡറില്‍ ഒരു വ്യാപാരി ലേലം എടുത്തെങ്കിലും 27 ശതമാനം കുറവായതിനാല്‍ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് അയച്ചിരിക്കുകയാണ്. ബെന്‍ഹില്‍-കിളിയന്തറ ഭാഗങ്ങളിലെ 242 മരങ്ങള്‍ പരിശോധന നടത്തിയെങ്കിലും സാമൂഹ്യ വനവല്‍ക്കണ വിഭാഗം വില നിശ്ചയിച്ചു നല്‍കിയിട്ടില്ല. മൂന്നാം റീച്ചില്‍ വരുന്ന കിളിയന്തറ മുതല്‍ വളവുപാറ വരെയുള്ള 356 മരങ്ങള്‍ മുറിക്കാന്‍ പരിശോധന പോലും നടത്തിയിട്ടില്ല. വിലയിട്ടു കൈമാറിയാല്‍ പോലും ലേല നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നരമാസമെടുക്കും. കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗം 209 കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."