പെട്രോ സാഞ്ചസ് സ്പെയിന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മാഡ്രിഡ്: സ്പെയിന് പ്രധാനമന്ത്രിയായി പെട്രോ സാഞ്ചെസ് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് കിങ് ഫെല്പ്പെ നേതൃത്വം നല്കി. അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി മരിയാനോ രജോയി പുറത്തായതോടെയാണ് സോഷ്യലിസ്റ്റായ പെട്രോ സാഞ്ചസ് ഇന്നലെ അധികാരമേറ്റെടുത്തത്.
നിരീശ്വരവാദിയായ സാഞ്ചസ് ബൈബിള്‍, ക്രൂശിത രൂപം എന്നിവ ഉപയോഗിക്കാതെ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ്. രണ്ട് വര്‍ഷത്തെ ഭരണ കാലയളവാണ് സാഞ്ചസിനുള്ളത്. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ആറ് പാര്‍ട്ടികളുടെ പിന്തുണയാണ് സാഞ്ചസിന് ലഭിച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രജോയിക്കെതിരേ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. അവിശ്വാസ വോട്ടെടുപ്പില്‍ 180 പേര് എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് രജോയിക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്. രജോയിയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടി(പി.പി) വന്‍ അഴിമതി ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം രജോയിക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.
ആധുനിക സ്പെയിനിന്റെ ചരിത്രത്തില്‍ അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് രജോയ്. 1977 നു ശേഷം ആദ്യത്തെ സംഭവമാണിത്. 2011 മുതല്‍ സ്പെയിനിന്റെ പ്രധാനമന്ത്രിയാണ് രജോയ്. ഒരു തവണ പുറത്തായെങ്കിലും 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.
ഇത് രണ്ടാംതവണയാണ് രജോയിക്ക് പ്രധാനമന്ത്രി കസേരയില്‍നിന്ന് താഴെയിറങ്ങേണ്ടി വരുന്നത്. സ്പെയിനില്‍ പൊതുചെലവ് ഗണ്യമായി വെട്ടിച്ചുരുക്കിയുള്ള സാമ്പത്തിക കാര്‍ക്കശ്യത്തിന്റെ പേരില്‍ ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആദ്യ തവണ രജോയ് ഭരണത്തില്‍ നിന്ന് പുറത്തായത്. 2016 നവംബര്‍ ഒന്നിനാണ് വീണ്ടും മരിയാനോ രജോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 10 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ സമ്മേളിച്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെയാണ് രജോയ് അന്ന് അധികാരത്തിലേറിയത്.
രണ്ടു തവണയായി നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്നായിരുന്നു രജോയിക്ക് അന്ന് വീണ്ടും അവസരം ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."