ഇരിട്ടിയിലേക്ക് വീണ്ടും മദ്യശാല മാറ്റുന്നു കുടിപ്പിച്ചു കൊല്ലുമോ
ഇരിട്ടി: എതിര്‍പ്പുകള്‍ ഇല്ലെന്നറിഞ്ഞതോടെ ഇരിട്ടി മേഖലയില്‍ ബീവറേജസിന്റെ മറ്റൊരു ചില്ലറ മദ്യവില്‍പന ശാലകൂടി സ്ഥാപിക്കാന്‍ നീക്കം. മട്ടന്നൂരില്‍ നിലവിലുള്ള ബീവറേജസിന്റെ മദ്യശാലയാണു പായം എരുമത്തടത്തേക്കു മാറ്റാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയത്.
കണ്ണൂരിലെ ചില്ലറ മദ്യവില്‍പന ശാല കഴിഞ്ഞദിവസം കേളകത്തേക്കു മാറ്റിയിരുന്നു. ഇതിനെതിരെ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. ഇതോടെയാണു മട്ടന്നൂരിലേതുകൂടി ഇരിട്ടി മേഖലയിലേക്കു മാറ്റാന്‍ നീക്കം തുടങ്ങിയത്. എരുമത്തടത്ത് മദ്യാശാല വരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പൊലിസിന്റെ സഹായത്തോടെ എതിര്‍പ്പിനെ മറികടക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മട്ടന്നൂരിലേതു ഹൈവേയില്‍ നിന്നു മാറ്റി സമീപപ്രദേശങ്ങളിലേക്കു മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരേ പ്രദേശത്തെ ബാറുടമ നടത്തിയ ഇടപെടലുകളാണ് ഇരിട്ടിയിലേക്കു മാറ്റാനുള്ള ആലോചനയ്ക്കു പിന്നില്‍.
ഇരിട്ടി ഉള്‍പ്പെടുന്ന മലയോരമേഖലയില്‍ ഇപ്പോള്‍ തന്നെ കര്‍ണാടക മദ്യം വ്യാപകമായി എത്തുന്നുണ്ട്. മറ്റൊരു മദ്യശാല കൂടി വരുന്നത് ആശങ്കയോടെയാണു ജനങ്ങള്‍ കാണുന്നത്. എരുമത്തടത്ത് മദ്യശാല വാനുള്ള നീക്കം നടക്കുന്നതായുള്ള പ്രചാരണം ഉണ്ടായപ്പോള്‍ തന്നെ എല്ലാവരും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. വട്ട്യറ ദേവാലയത്തിന്റെ നേതൃത്വത്തിലും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ അധികൃതര്‍ക്കു കാണാതിരിക്കാനാകില്ല. ചില മദ്യ കമ്പനികളുടെ ഒത്താശയോടെയാണു കഴിഞ്ഞദിവസം കേളകത്ത് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പേരാവൂര്‍ മണ്ഡലത്തില്‍ മദ്യാശാല അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ സണ്ണിജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇതു പരിഗണിക്കുക പോലും ചെയ്യാതെയാണു കേളകത്ത് ആരംഭിച്ചത്. ഇരിട്ടി മേഖലയില്‍ മറ്റൊന്നുകൂടി ആരംഭിക്കാനുള്ള നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."