ചൈന അയല്‍ക്കാരെ ഭയപ്പെടുത്തുന്നുവെന്ന് യു.എസ്
വാഷിങ്ടണ്‍: തര്‍ക്കമുള്ള തെക്കന്‍ ചൈനാ കടലില്‍ മിസൈല്‍ വിന്യാസത്തിലൂടെ അയല്‍രാജ്യങ്ങളെ ഭയപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് യു.എസ്. മേഖലയില്‍ ചൈന സ്വീകരിക്കുന്ന നടപടികള്‍ യു.എസ് വിരുദ്ധമായ സമീപനമാണെന്നും അതിര്‍ത്തികളെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.
മുഴുവന്‍ രാജ്യങ്ങളുടെയും താല്പര്യത്തിനനുസരിച്ച് ചൈന പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സിംഗപ്പൂരില്‍ നടക്കുന്ന ശാഗ്രി-ലാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
യു.എസ് സൈന്യം ദക്ഷിണ കൊറിയയില്‍ തങ്ങുന്നത് സംബന്ധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യില്ല.
ഉത്തരകൊറിയയിലെ സമ്പൂര്‍ണ ആണവ നിരായുധീകരണമാണ് യു.എസിന് ആവശ്യം. ചൈനയുമായി മികച്ച ബന്ധമാണ് ട്രംപ് ഭരണകൂടത്തിന് ആവശ്യം. സാഹചര്യങ്ങള്‍ അനുയോജ്യമാണെങ്കിലേ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുകയുള്ളൂ. തെക്കന്‍ ചൈന കടലില്‍ ചൈനക്ക് നിര്‍ണായക പങ്കുണ്ടെന്നും ജിം മാറ്റിസ് പറഞ്ഞു.
എന്നാല്‍ നിരുത്തരവാദിത്വമായ പ്രസ്താവനയാണ് യു.എസ് നടത്തിയതെന്നും മറ്റു രാജ്യങ്ങള്‍ക്കെതിരേയുള്ള ഇത്തരം അനാവശ്യ പ്രസ്താവനകളെ അംഗീകരിക്കില്ലെന്നും ചൈനീസ് കേണല്‍ ജനറല്‍ ഹേ ലി പറഞ്ഞു. ഉച്ചകോടിയില്‍ വച്ചു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട നീക്കമാണ് ചൈന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ചൈന കടലിന് ആറ് രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ഇവിടെ ചൈനയുടെ നേതൃത്വത്തില്‍ ദ്വീപ് നിര്‍മാണം ആരംഭിച്ചതോടെ എതിര് രാജ്യങ്ങള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."