ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം തേടി ആളുകള്‍ എക്‌സൈസ് ഓഫിസുകളിലെത്തി
കൊച്ചി: പിന്മാറ്റ ലക്ഷണങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മദ്യം തേടി ആളുകള്‍ എക്‌സൈസ് ഓഫിസുകളിലെത്തി. എറണാകുളം, അങ്കമാലി, വരാപ്പുഴ, നോര്‍ത്ത് പറവൂര്‍ എന്നീ റേഞ്ച് ഓഫിസുകളില്‍ ഡോക്ടറുടെ കുറിപ്പടിയുമായി അഞ്ചു പേരാണ് എത്തിയത്.
എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ നടപടികളൊന്നും ഉണ്ടായില്ല.
പിന്മാറ്റ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിത അളവില്‍ മദ്യം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ചിലര്‍ വിരമിച്ച ഡോക്ടര്‍മാരുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും കുറിപ്പടികളുമായാണ് എത്തിയത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള കുറിപ്പടിയുമായാണ് 70 വയസിനു മുകളില്‍ പ്രായമുള്ള കറുകുറ്റി സ്വദേശി എക്‌സൈസ് ഓഫിസിലെത്തിയത്. എന്നാല്‍ എവിടെ നിന്ന് മദ്യം കൊടുക്കണമെന്ന് ഉത്തരവു കിട്ടാത്തതിനാല്‍ പാസ് കൊടുത്തില്ല. എറണാകുളം റേഞ്ച് ഓഫിസില്‍ ഇന്നലെ രണ്ടു പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയത്. അതിലൊരാള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള കുറിപ്പടിയുമായാണ് എത്തിയത്. ഇയാളെ മടക്കിയയച്ചു.
ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടിയുമായി 42 വയസുള്ള വ്യക്തിയും എത്തിയിരുന്നു. ഇയാളുടെ കുറിപ്പടിയില്‍ മദ്യത്തിനു പുറമെ മരുന്നു കഴിക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരാപ്പുഴ എക്‌സൈസ് ഓഫിസിലെത്തിയ വ്യക്തിയുടെ കുറിപ്പടി സര്‍ക്കാര്‍ ഡോക്ടറുടേതായിരുന്നെങ്കിലും അപൂര്‍ണമായിരുന്നു. ഇയാള്‍ക്കു പിന്മാറ്റ ലക്ഷണമുള്ളതായി പറഞ്ഞിട്ടുമില്ലായിരുന്നു.
നോര്‍ത്ത് പറവൂര്‍ റേഞ്ച് ഓഫിസിലെത്തിയ വ്യക്തിയുടെ കൈവശം സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിന്മാറ്റ ലക്ഷണം എന്നു മാത്രം രേഖപ്പെടുത്തിയ കുറിപ്പാണ് ഉണ്ടായിരുന്നത്. കാലടി റേഞ്ചിനു കീഴില്‍ കുറിപ്പടിയുമായി ആരും എത്തിയിരുന്നില്ല. എന്നാല്‍ പിന്മാറ്റ ലക്ഷണം അനുഭവപ്പെട്ട മലയാറ്റൂര്‍ സ്വദേശിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായി കാലടി റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിന്മാറ്റ ലക്ഷണമുള്ളവര്‍ക്കു മദ്യം എങ്ങനെ കൊടുക്കാമെന്നതിനെപ്പറ്റി ധാരണയായിട്ടില്ലെന്ന് എക്‌സൈസ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ എ.എസ് രഞ്ജിത് പറഞ്ഞു. പാസ് നല്‍കണമെങ്കില്‍ അതിനു വ്യക്തമായ കാരണം കൃത്യമായി രേഖപ്പെടുത്തണം. വരുംദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."