സുമനസുകളുടെ കൈത്താങ്ങ്: ലോക്ക് ഡൗണിലും ലോക്കാവാതെ ഹിമ കെയര്‍ ഹോം
കാളികാവ്: ലോക്ക് ഡൗണിലും സുമനസുകളുടെ കൈത്താങ്ങില്‍ പ്രതിസന്ധികളെ അതിജീവിക്കുകയാണ് കാളികാവ് അടക്കാകുണ്ടിലെ ഹിമ കെയര്‍ ഹോം. നിരാലംബരായ നൂറിലേറെ പേര്‍ക്ക് സ്‌നേഹ പരിചരണത്തിന്റെ തണലേകിയ ഹിമ, ജാതി മത ഭേതമന്യേ സന്നദ്ധ പ്രവര്‍ത്തകരും പൊലിസും മഹല്ല് ഭാരവാഹികളും ഏല്‍പിക്കുന്ന ആശ്രയമറ്റവരെയാണ് ഏറ്റെടുക്കുന്നത്. ഹിമയിലെ അന്തേവാസികള്‍ക്ക് ആവശ്യമായ മികച്ച ചികിത്സയും ഭക്ഷണവും താമസവും സാധ്യമാക്കിയിരുന്നത് സ്ഥാപനം സന്ദര്‍ശിക്കുന്ന സുമനസ്‌കര്‍ ഭക്ഷണത്തിനും മറ്റുമായി നല്‍കിയിരുന്ന സംഭാവനകള്‍ കൊണ്ടായിരുന്നു.
കൊവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ സ്ഥാപനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലായിരുന്നു സ്ഥാപനാധികൃതര്‍. പക്ഷെ, തിരിച്ചയക്കാനോ അടച്ചിടാനോ കഴിയാത്ത സ്ഥാപനത്തിന്റെ അവസ്ഥ മനസിലാക്കിയ സുമനസ്‌കര്‍ ഭക്ഷ്യ വസ്തുക്കളും സംഭാവനകളുമായി സമീപിച്ചത് അതിജീവനത്തിന്റെ പുതിയ മാതൃകയായി. സ്വദേശത്തും വിദേശത്തുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ വാട്‌സാപ്പ് കൂട്ടായ്മകളിലൂടെയും മറ്റും അടിയന്തിരാവശ്യങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വരികയായിരുന്നു.
കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുകയോ അനാഥത്വം ജീവിതം കരിയിച്ച് കളയുകയോ ചെയ്ത് തെരുവുകളിയില്‍ വലിച്ചെറിയപ്പെട്ടവരാണ് ഹിമയില്‍ കഴിയുന്ന അന്തേവാസികളില്‍ അധികപേരും. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്തതിനെ തുടര്‍ന്ന് പുനരധിവാസം വഴി പുതു ജീവിതത്തിലേക്ക് കാലെടുത്തു വച്ച അന്തേവാസികള്‍ക്കൊപ്പം സന്തോഷ വേളകള്‍ പങ്ക് വയ്ക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും ആളുകളെത്തുക പതിവായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹിമാ കെയര്‍ ഹോം ജന. സെക്രട്ടറി ഫരീദ് റഹ്മാനിയുടെയും മറ്റു ഭാരവാഹികളുടെയും വീഡിയോ സന്ദേശം സമൂഹം ഉള്‍കൊള്ളുകയും ശാരീരികാകലം പാലിക്കുമ്പോഴും ഇത്തരം സ്ഥാപനങ്ങളോട് മനസ് ചേര്‍ത്തുവയ്ക്കാന്‍ ആളുകള്‍ മുന്നോട്ട് വരികയുമായിരുന്നു. ഈ നന്മയില്‍ പങ്കളികളാവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് താഴെ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9447423068, അക്കൗണ്ട് നമ്പര്‍: 15920200002329, ഫെഡറല്‍ ബാങ്ക് കാളികാവ് ബ്രാഞ്ച്, ഐ.എഫ്.എസ്.സി: എഫ്.ഡി.ആര്‍.എല്‍0001592.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."