പാലക്കാട്ട് കൊവിഡിന്റെ ഭീതിയും പൊള്ളുന്ന ചൂടും
ഫൈസല്‍ കോങ്ങാട്
പാലക്കാട്: കൊവിഡ് ഭീഷണിക്കൊപ്പം കനത്ത ചൂടും പാലക്കാടിനെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തുന്നു. 40 ഡിഗ്രി ചൂടില്‍ തിളച്ചു മറിയുകയാണ് പാലക്കാട്. സമീപകാലങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടാണിത്. പകല്‍ പൊള്ളുന്ന ചൂടും പാതിരാത്രി കഴിഞ്ഞാല്‍ നല്ല തണുപ്പുമാണിപ്പോള്‍. ദിവസങ്ങള്‍ക്കുള്ളിലാണ് പാലക്കാട്ട് താപനിലയില്‍ വലിയ വ്യതിയാനം സംഭവിച്ചത്.
ഇന്നലെ മൂന്നുമണിയോടുകൂടി സുപ്രഭാതം പാലക്കാട് യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ പി.വി.എസ് ശിഹാബിന് തോളിലും കൈയ്യിലും സൂര്യാതപമേറ്റു. സുല്‍ത്താന്‍പേട്ടയിലെ താമസ സ്ഥലത്തുനിന്നും മേട്ടുപ്പാളയം സ്ട്രീറ്റിലെ സുപ്രഭാതം ഓഫിസിലേക്ക് വരുമ്പോഴാണ് ശിഹാബിന് പൊള്ളലേറ്റത്.
2016ലാണ് ഇതിന് മുന്‍പ് ഏറ്റവും കൂടിയ താപനിലയായ 41.9 ഡിഗ്രി രേഖപ്പെടുത്തിയത്. 2015ല്‍ മലമ്പുഴയില്‍ 41.5 ഉം രേഖപ്പെടുത്തി. ഈ വര്‍ഷം കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ മേഖലകളില്‍ 40 ഡിഗ്രിക്കും മേലെ ചൂട് അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതിലുള്ള വ്യത്യാസം വരാനിരിക്കുന്ന വരള്‍ച്ചയെ സൂചിപ്പിക്കുന്നുവെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
വേനല്‍ മഴയിലാണ് ഇനി ഏക പ്രതീക്ഷ. മഴ കിട്ടിയില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാകും പാലക്കാട് നേരിടേണ്ടി വരിക.
ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദ സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വേനല്‍മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകരും പറയുന്നു. ഇത്തരത്തില്‍ കൊടിയ ചൂടില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, പൊലിസ്, റവന്യു വിഭാഗങ്ങള്‍, കൊവിഡ് റിപ്പോര്‍ട്ടിങിലുള്ള മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. നേരിട്ട് വെയില്‍ കൊണ്ട് സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന പൊലിസ്, ആരോഗ്യപ്രവര്‍ത്തകര്‍ ഇടക്കിടെ വെളളം കുടിക്കാനും കുട ഉപയോഗിക്കാനും വകുപ്പുമേധാവികളും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."