തിരക്കേറുന്നു; കരിപ്പൂരില്‍ സര്‍വിസുകള്‍ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ആഭ്യന്തര അന്താരാഷ്ട്ര മേഖലയില്‍ യാത്രക്കാര്‍ വര്‍ധിച്ചതോടെ വിമാന കമ്പനികളും സര്‍വിസുകള്‍ വര്‍ധിപ്പിച്ചു. കരിപ്പൂരില്‍ റണ്‍വെ പൂര്‍ണമായും തുറന്നതോടെ ആഭ്യന്തര അന്താരാഷ്ട്ര സെക്ടറില്‍ വിമാന കമ്പനികള്‍ ആഴ്ചയില്‍ 62 സര്‍വിസുകളാണ് വര്‍ധിപ്പിച്ചത്. ഇതില്‍ 42 സര്‍വിസുകളും ആരംഭിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത്തിഹാദ് എയര്‍ അബൂദബിയിലേക്ക് ആഴ്ചയില്‍ ഏഴു സര്‍വിസുകളും മെയ് ഒന്നുമുതല്‍ ജെറ്റ് എയര്‍വേയ്സ് ചെന്നൈയിലേക്ക് 7 സര്‍വിസുകളും തുടങ്ങുന്നതോടെ പുതിയ സര്‍വിസുകളുടെ എണ്ണം 62 ആകും. പതിവ് സര്‍വിസുകള്‍ കൂടി ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതോടെ കരിപ്പൂരില്‍ ആഭ്യന്തര അന്താരാഷ്ട്ര സെക്ടറുകളിലായി ആഴ്ചയില്‍ പറന്നുയരുന്നതും വന്നിറങ്ങുന്നതും 500 വിമാനങ്ങളാണ്.
എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഇന്‍ഡിഗോ, ഇത്തിഹാദ്, ഒമാന്‍ എയര്‍, ജെറ്റ് എയര്‍വേയ്സ്, എന്നിവയാണ് ഇതിനകം സര്‍വിസുകള്‍ വര്‍ധിപ്പിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്ക് മൂന്നും, ദമാമിലേക്ക് മൂന്നും, ഷാര്‍ജയിലേക്ക് ഒന്നുമായി ഏഴ് സര്‍വിസുകളാണ് വര്‍ധിപ്പിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്ക്കത്ത്, ഷാര്‍ജ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഏഴ് സര്‍വിസുകള്‍ വീതം 21 സര്‍വിസുകള്‍ വര്‍ധിപ്പിച്ചു. ഇത്തിഹാദ് എയര്‍ലൈന്‍സ് അബൂദബിയിലേക്ക് ഏഴു സര്‍വിസുകളാണ് വര്‍ധിപ്പിച്ചത്. ഒമാന്‍ എയര്‍ സലാലയിലേക്കാണ് ഏഴു സര്‍വിസുകള്‍ ആരംഭിച്ചത്. ജെറ്റ് എയര്‍വേയ്സ് ബംഗളൂരുവിലേക്ക് 6 സര്‍വിസുകളാണ് തുടങ്ങിയത്. കരിപ്പൂരില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങളെത്തുന്ന ശനിയാഴ്ചകളില്‍ 37 സര്‍വിസുകളാണ് നടക്കുന്നത്.
യാത്രക്കാരുടെ തിരക്ക് മുന്നില്‍ കണ്ടുകൊണ്ടാണ് വിമാന കമ്പനികള്‍ സര്‍വിസുകള്‍ വര്‍ധിപ്പിച്ചത്. സ്കൂള്‍ വെക്കേഷന്, റമദാനിലെ ഗള്‍ഫിലെ അവധി, ഉംറ, ഹജ്ജ് തുടങ്ങിയവയുടെ തിരക്കുകളില്‍ ലാഭം കൊയ്യാനാണ് കമ്പനികളുടെ ശ്രമം. എന്നാല്‍, 4 ഡി കാറ്റഗറി വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍ കരിപ്പൂരില്‍ വലിയ വിമാന സര്‍വിസുകളുടെ അനിശ്ചിതത്വം തുടരുകയാണ്. 2015ല്‍ നിര്‍ത്തലാക്കിയ എയര്‍ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്സ് എയര്‍ എന്നീ വിമാന കമ്പനികളുടെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിലുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."