പ്രതീക്ഷയോടെ സെര്‍ബിയന്‍ സംഘം
1930ലെ പ്രഥമ ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തി വരവറിയിച്ച ടീമാണ് സെര്‍ബിയ. കിങ്ഡം ഓഫ് യുഗോസ്ലോവിയ, യുഗോസ്ലോവിയ, സെര്‍ബിയ ആന്‍ഡ് മോണ്ടെനെഗ്രോ എന്നീ പേരുകളില്‍ പല ഘട്ടത്തിലായി അവര്‍ ലോകകപ്പ് കളിക്കാനെത്തി. രണ്ട് തവണ നാലാം സ്ഥാനം, മൂന്ന് തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവയാണ് ലോകകപ്പ് നേട്ടങ്ങള്‍. 2010ലാണ് സെര്‍ബിയ എന്ന സ്വതന്ത്ര പേരില്‍ ടീം ലോകകപ്പിനെത്തിയത്. ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായ അവര്‍ കഴിഞ്ഞ തവണ യോഗ്യത നേടിയില്ല. ലോകകപ്പിന്റെ മൊത്തം ചരിത്രമെടുത്താല്‍ സ്ഥിരതയായ പ്രകടനം അവകാശപ്പെടാന്‍ സെര്‍ബിയക്ക് സാധിച്ചിട്ടില്ല.
മുന്‍ സെര്‍ബിയന്‍ താരം തന്നെയായ മ്‌ലാദന്‍ ക്രസ്റ്റജിചാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. സെര്‍ബിയക്കായി 59 മത്സരങ്ങള്‍ കളിച്ച താരമാണ് പരിശീലകന്‍. ക്ലബ് തലത്തില്‍ വെര്‍ഡര്‍ബ്രമന്‍, ഷാല്‍കെ ടീമുകള്‍ക്കായാണ് കളത്തിലിറങ്ങിയത്.
പ്രതിരോധത്തില്‍ റോമ താരവും ക്യാപ്റ്റനുമായ അലക്‌സാണ്ടര്‍ കൊളറോവ്, വിയ്യാറലിന്റെ അന്റോണിയോ രുകവിന, വെര്‍ഡര്‍ ബ്രമന്‍ താരം മിലോസ് വെല്‍കോവിച് തുടങ്ങിയ മികച്ച താരങ്ങളാണ് സെര്‍ബിയക്ക് കരുത്ത് പകരുന്നത്. പ്രതിരോധത്തില്‍ വെറ്ററന്‍ താരം ബ്രാനിസ്‌ലേവ് ഇവാനോവിചിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവും. സെര്‍ബിയക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ടീമിലെ ഏറ്റവും പരിചയ സമ്പന്നനാണ് ഈ മുന്‍ ചെല്‍സി താരം. 102 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ച് 12 ഗോളുകളും 34കാരന്‍ വലയിലാക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന നെമഞ്ജ മാറ്റിചാണ് ടീമിലെ ശ്രദ്ധേയ താരം. മധ്യനിരയുടെ കടിഞ്ഞാണേന്തുന്ന മാറ്റിചിന്റെ മികവിലായിരിക്കും ലോക പോരില്‍ സെര്‍ബിയ മുന്നേറ്റം കരുപ്പിടിപ്പിക്കുക. ഒപ്പം ലാസിയോ താരം സെര്‍ജജ് മിലിന്‍കോവിച്, സതാംപ്ടന്‍ താരം ഡസന്‍ ടഡിച്, ബെന്‍ഫിക്കയുടെ അന്‍ഡ്രിജ സിവ്‌കോവിച് എന്നിവരും അണിനിരക്കുന്നു. മുന്നേറ്റത്തില്‍ അലക്‌സാണ്ടര്‍ മിത്രോവിച്, അലക്‌സാണ്ടര്‍ പ്രിജോവിച്, ലുക ജോവിച് എന്നിവരാണുള്ളത്.
ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റ റിക്ക ടീമുകളാണ് സെര്‍ബിയയുടെ എതിരാളികള്‍. ബ്രസീലിനെ അട്ടിമറിക്കാനുള്ള കെല്‍പ്പ് നിലവിലെ ടീമിനുണ്ടെന്ന് കരുതുക വയ്യ. എന്നാല്‍ മറ്റ് രണ്ട് എതിരാളികളെ കീഴടക്കി മുന്നേറാനുള്ള സംഘം ബലം സെര്‍ബിയന്‍ സംഘത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."