ഇവിടെ സ്‌കൂളുമില്ല, പഠനവുമില്ല: ആദിവാസി കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ കാടിറങ്ങണം
കാട്ടാക്കട: അഗസ്ത്യ വനത്തിലെ ആദിവാസി കുട്ടികളാണ് സ്‌കൂളില്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടപോകുന്നത്. അതിനാല്‍ ഇക്കുറിയും കുട്ടികള്‍ അമ്പും വില്ലുമായി വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകും. ഇവര്‍ക്ക് പഠിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷേ ഉണ്ടായിരുന്ന വിദ്യാലയം അടച്ചുപൂട്ടിപ്പോയി അതിനാല്‍ തങ്ങളുടെ കൂടെ ഉള്‍കാട്ടില്‍ വരട്ടെയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വനത്തില്‍ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയങ്ങളാണ് ഇവരുടെ സ്‌കൂള്‍. ഇപ്പോള്‍ ആദിവാസി കുട്ടികള്‍ക്ക് പഠനത്തിനായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇല്ലാതായി.
കുറ്റിച്ചല്‍ പഞ്ചായത്തിലെ 27 ആദിവാസി ഊരുകള്‍ക്കായി ഉണ്ടായിരുന്ന 6 സ്‌കൂളുകളില്‍ ഒരെണ്ണം മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. പൊടിയത്ത് 5 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികളാണ് ഏകാധ്യാപക സ്‌കൂളുകളില്‍ പഠിച്ചിരുന്നത്. സ്‌കൂളുകള്‍ പൂട്ടിയതോടെ പല ഊരുകളിലെയും കുട്ടികളുടെ പഠനവും നിലച്ചു. നാടുമായി അടുത്ത് കിടക്കുന്ന ഊരുകളില്‍ നിന്നുള്ളവര്‍ കോട്ടൂരും കുറ്റിച്ചലുമെത്തി പഠിക്കുന്നുണ്ട്. എന്നാല്‍ 15 ഉം 20 ഉം കിലോമീറ്റര്‍ ഉള്ളില്‍ നിന്ന് കാട്ടിലൂടെ നടന്നെത്താനുള്ള ബുദ്ധിമുട്ടുകാരണം ഇവിടങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക് അക്ഷരം അന്യമായ സ്ഥിതിയിലാണ്. യാത്രാസൗകര്യം ഇല്ലാത്തത് മുതിര്‍ന്നവരുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പൂട്ടിയതിനു മതിയായ കാരണം പറയാന്‍ ചുമതല ഉണ്ടായിരുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ അധികൃതര്‍ക്കും കഴിയുന്നില്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് ഇപ്പോള്‍ ഇത്തരം സ്‌കൂളുകള്‍ നടത്തുന്നതെന്നും പഠനോപകരണം എത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഓലയും ഷീറ്റും ഇട്ട് മേല്‍ക്കൂരയും ചുള്ളിക്കമ്പ് കൊണ്ട് ചുവരും വച്ച കൂരകളില്‍ ആയിരുന്നു എല്ലാ സ്‌കൂളുകളും. ഇതില്‍ പലതും വനത്തില്‍ വീശി അടിക്കുന്ന പാണ്ടി കാറ്റില്‍ നിലംപൊത്തിയിരുന്നു. പകരം പണിയാന്‍ സംവിധാനം ഉണ്ടാകാത്തതിനാലാണ് കുന്നത്തേരി, അണകാല്‍, കമലകം എന്നിവ ഇല്ലാതായത്. കുറഞ്ഞ വേതനത്തില്‍ ഇവിടെ ഒക്കെ പഠിപ്പിച്ചിരുന്ന അധ്യാപകരും വരാതായതോടെ സ്‌കൂളുകള്‍ ഒന്നൊന്നായി അടയുകയാണ്. അഗസ്ത്യ വനത്തിലെ 27 ആദിവാസി സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്ക് മെച്ചപെട്ട വിദ്യാഭ്യാസം ഉറപ്പു വരുത്തണം എന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് കുറ്റിച്ചല്‍ പഞ്ചായത്തില്‍ അഗസ്ത്യ വനത്തിനുള്ളില്‍ ആദിവാസി കുട്ടികള്‍ക്കായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചത്. അഗസ്ത്യ വനത്തിലെ ഉള്‍ഭാഗത്തുള്ള ആദിവാസി ഊരുകളില്‍ നിന്നും കാട്ടാനകളും വന്യ മൃഗങ്ങളും നിറഞ്ഞ കൊടും കാട്ടിലൂടെ 30 ഉം 40 ഉം കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ച് കോട്ടൂരും കുറ്റിച്ചലിലും എത്തി പഠിക്കുക എന്നത് ഏറെ ദുഷ്‌കരമായതോടെ ആണ് കുട്ടികള്‍ പഠനം തന്നെ നിര്‍ത്താന്‍ നിര്‍ബന്ധിതമായത് ആദിവാസി കുട്ടികളുടെ ഈ കൊഴിഞ്ഞു പോക്ക് ചര്‍ച്ചാ വിഷയമാവുകയും മൂന്ന് വര്‍ഷം മുന്‍പ് നിയമസഭയില്‍ ബജറ്റ് പ്രസംഗത്തില്‍ അഗസ്ത്യ വനത്തിനുള്ളില്‍ ആദിവാസി കുട്ടികള്‍ക്കായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചത്.
ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ വാലിപാറ ആദിവാസി സെറ്റില്‍മെന്റില്‍ ഒരേക്കര്‍ ഭൂമിയും കണ്ടെത്തി നല്‍കി. എന്നാല്‍ സ്‌കൂള്‍ ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങി വന മേഖലക്ക് പുറത്ത് സ്‌കൂള്‍ ആരംഭിച്ചെങ്കിലും കാട് വിട്ടു വരാന്‍ കുട്ടികള്‍ തയാറായില്ല. അതാകട്ടെ വാടക കെട്ടിടത്തിലും ഫലത്തില്‍ വനത്തിലെ കുട്ടികള്‍ പാഠ പുസ്തകങ്ങള്‍ക്കായി സമരത്തിനില്ല എന്നതാണ് പലര്‍ക്കും ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."