കിള്ളിയാറിന്റെ തീരത്ത് 5,000 വൃക്ഷത്തൈകള്‍ നടും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിള്ളിയാര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം അഞ്ചിന് കിള്ളിയാറിന്റെ 22 കിലോമീറ്റര്‍ തീരത്ത് 5,000 വൃക്ഷത്തൈകള്‍ നടുമെന്ന് കിള്ളിയാര്‍ മിഷന്‍ സമിതി ചെയര്‍മാന്‍ ഡി.കെ മുരളി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ എട്ടുമുതല്‍ കരിഞ്ചാത്തിമൂല മുതല്‍ വഴയില പാലംവരെയുള്ള പ്രദേശങ്ങളില്‍ മുള, പുന്ന, വേപ്പ്, കൈത തുടങ്ങിയ വൃക്ഷങ്ങള്‍ നല്‍കും. മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വൃക്ഷതൈ നടീലില്‍ പങ്കാളികളാകും.
കിള്ളിയാറിന്റെ തീരത്തെ മാലിന്യ പൈപ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിവരികയാണ്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 100 മാലിന്യ പൈപ്പുകള്‍ സ്വയവും 215 എണ്ണം നടപടിയിലൂടെയും അടച്ചു. കരകുളം പഞ്ചായത്തില്‍ 206 എണ്ണം സ്വയവും 21 എണ്ണം നോട്ടീസ് നല്‍കിയും അടച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 113 ഉം പഞ്ചായത്തുകളായ കരകുളം ഏഴ്, അരുവിക്കര 29, പനവൂര്‍ 105, ആനാട് 41 വീതവും മാലിന്യ പൈപ്പുകള്‍ ഇനിയും അടയ്ക്കാനുണ്ട്. മാലിന്യപൈപ്പുകള്‍ അടയ്ക്കാത്തവര്‍ക്കെതിരേ കര്‍ശനനടപടികള്‍ തുടര്‍ന്നുവരികയാണ്. ഇതുവരെ ഒന്നേകാല്‍ ലക്ഷം രൂപ ഈയിനത്തില്‍ പിഴയിട്ടു. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂലയിലുള്ള തലക്കുളം ജൂലൈ മാസം പുനസ്ഥാപിക്കും. ഒന്നാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."