HOME
DETAILS
MAL
ഇഖാമ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് ട്രാഫിക് പിഴകള്‍ തടസമാവില്ല
backup
March 31 2020 | 21:03 PM
ജിദ്ദ: സഊദിയില്‍ കൊവിഡ് മൂലം പ്രവാസികളുടെ ഇഖാമ കാലാവധി മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് ഉടമകളുടെ പേരില്‍ ഗതാഗത ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ അടയ്ക്കല്‍ നിര്‍ബന്ധമല്ലെന്ന് ജവാസാത്ത്.
കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയുടെ ഭാഗമായി കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്നു മാസത്തേക്ക് ലെവിയില്ലാതെ ഓട്ടോമാറ്റിക് ആയി പുതുക്കി നല്‍കുമെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് അറിയിച്ചിയിട്ടുണ്ട്. ഇതിന് ജവാസാത്തിനെ നേരിട്ട് സമീപിക്കുകയോ എന്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ വേണ്ടതില്ല.
ഈ സേവനം ലഭിക്കുന്നതിന് ട്രാഫിക് പിഴകള്‍ ഒടുക്കല്‍ നിര്‍ബന്ധമല്ലെന്നാണ് ജവാസാത്ത് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരായ വിദേശികളുടെ മാര്‍ച്ച് 20 നും ജൂണ്‍ 30 നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് ലെവിയില്ലാതെ മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്.
ഇഖാമ കാലാവധി മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു ലഭിക്കുന്നതിന് തന്റെ പേരിലുള്ള ട്രാഫിക് പിഴകള്‍ ഒടുക്കല്‍ നിര്‍ബന്ധമാണോയെന്ന വിദേശ തൊഴിലാളിയുടെ അന്വേഷണത്തിന് മറുപടിയായാണ് പിഴകള്‍ ഒടുക്കല്‍ നിര്‍ബന്ധമില്ലെന്ന് ട്രാഫിക് ഡയരക്ടറേറ്റ് വ്യക്തമാക്കിയത്.
വിദേശ തൊഴിലാളികള്‍ക്ക് ഇപ്പോഴും ഫൈനല്‍ എക്‌സിറ്റ് നല്‍കാവുന്നതാണെന്നും ജവാസാത്ത് വ്യക്തമാക്കി. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുതിയ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിട്ടുണ്ട്.
വ്യക്തികളുടെ പേരിലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ ബിസിനസ് വഴി തങ്ങളുടെ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കുന്നതിന് സാധിക്കും. ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്ക് തങ്ങളുടെ അബ്ശിര്‍ അക്കൗണ്ട് വഴിയും ഇതേപോലെ ഫൈനല്‍ എക്‌സിറ്റ് ഇഷ്യു ചെയ്യാന്‍ സാധിക്കുമെന്ന് ജവാസാത്ത് പറഞ്ഞു.
വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനാല്‍ റദ്ദാക്കുന്ന റീ-എന്‍ട്രി വിസകളുടെ ഫീസ് തിരികെ ലഭിക്കില്ലെന്നും ഈ തുക ഭാവിയില്‍ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ബാലന്‍സ് എന്നോണം ജവാസാത്ത് അക്കൗണ്ടില്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള ലെവി മുന്‍കൂറായി അടയ്ക്കല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കിയ ശേഷം ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്ക് ഇഖാമയില്‍ ശേഷിക്കുന്ന കാലയളവിലെ ലെവിയും തിരികെ ലഭിക്കില്ല. നിലവിലെ നിയമം അനുസരിച്ച് വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കാന്‍ കഴിയില്ലെന്നും ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളോ നിര്‍ദേശങ്ങളോ പ്രഖ്യാപിക്കുന്ന പക്ഷം അക്കാര്യം ഔദ്യോഗികമായി അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."