മതിയായ സുരക്ഷാ വസ്ത്രങ്ങളില്ല,ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് മഴക്കോട്ടുകളും ഹെല്‍മറ്റും
ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് പ്രതിരോധിക്കാന്‍ മതിയായ സുരക്ഷാ വസ്ത്രമില്ലാതെ ബുദ്ധിമുട്ടുന്നു. റെയിന്‍കോട്ടും ബൈക്ക് യാത്രയ്ക്ക് ഉപയോഗിക്കുന്ന ഹെല്‍മറ്റുമാണ് പലരും ഇതിനുപകരം ഉപയോഗിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മെഡിക്കല്‍ ഉപകരണങ്ങളും സുരക്ഷാവസ്ത്രങ്ങളും ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്ന് മതിയായ അളവില്‍ സുരക്ഷാ വസ്ത്രങ്ങളും മറ്റും വാങ്ങാനായിരുന്നു പദ്ധതിയിട്ടതെങ്കിലും ഡോക്ടര്‍മാര്‍ പലയുടത്തും കീറിയ റെയിന്‍കോട്ടുകളാണ് ഉപയോഗിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു.
ഇതിനകം 12 ലധികം ഡോക്ടര്‍മാര്‍ക്ക് രോഗംബാധിച്ചിട്ടുണ്ട്. അതിനിടെ, ഉത്തര്‍ പ്രദേശില്‍ 4,700 ലധികം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരം തുടങ്ങി. മതിയായ സുരക്ഷാ സംവിധാനങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.
തങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കാതെ ജോലി ചെയ്യാനാകില്ലെന്ന് ആംബുലന്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹനുമാന്‍ പാണ്ഡെ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്ലെങ്കില്‍ ഒരു ലക്ഷം പേര്‍ക്ക് മെയ് മാസത്തോടെ രോഗബാധയേല്‍ക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കൊല്‍ക്കത്തയില്‍ ബെലിയഗട്ട ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരും റെയിന്‍കോട്ടാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. എന്നാല്‍ സംഭവം ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് നിഷേധിച്ചു. വടക്കന്‍ ഹരിയാനയിലെ ആശുപത്രിയിലാണ് മോട്ടോര്‍ ബൈക്കിന്റെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത്. ഇവിടത്തെ ഇ.എസ്.ഐ ആശുപത്രിയിലാണ് സംഭവം. എന്‍.95 മാസ്‌ക് ഇല്ലാത്തതിനാണ് ഇതുപയോഗിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചശേഷം കണ്ണും മറ്റുഭാഗങ്ങളും സംരക്ഷിക്കാനാണ് ഇവര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. അതിനിടെ ഹരിയാനയിലെ റോഹ്തക്കിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സുരക്ഷാ വസ്ത്രങ്ങളില്ലാത്തതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."