ഗ്രന്ഥപ്പുരകള്‍; വിജ്ഞാനത്തിന്റെ വിളക്കുമാടങ്ങള്‍
ഉത്തമനൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ ഗ്രന്ഥരചനയില്‍ വിസ്മയം സൃഷ്ടിച്ചവരായിരുന്നു. ഗ്രന്ഥരചനയ്ക്ക് അച്ചടിയോ കടലാസോ അന്നു ലഭ്യമായിരുന്നില്ല. കോര്‍ദോവയിലെ സ്ത്രീകള്‍ക്കു ഗ്രന്ഥങ്ങള്‍ പകര്‍ത്തെഴുതുന്ന ജോലി ഭരണകൂടം നല്‍കിയിരുന്നു. അന്നു ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്ന ജോലിയില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നു. ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതാന്‍ പണ്ഡിതവനിതകള്‍ ഗ്രന്ഥാലയങ്ങളില്‍ കയറിയിറങ്ങുന്നതും കുറിച്ചെടുക്കുന്നതും കാണാന്‍ കഴിഞ്ഞിരുന്നുവെന്നു ചരിത്രകാരനും ഹദീസ് പണ്ഡിതനുമായ ഇമാം ഇബ്‌നു അസാകിര്‍ താരിഖുദ്ദിമിശ്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖൈറുവാനിലെ പ്രശസ്ത ഭിഷഗ്വരനായിരുന്നു ഇമാം ഇബ്‌നു ജസ്സാര്‍. മാന്‍തോലിലാണ് അദ്ദേഹം ഗ്രന്ഥരചന നടത്തിയത്. അദ്ദേഹം എഴുതി സൂക്ഷിച്ച മാന്‍തോല്‍ 250 ടണ്‍ തൂക്കമുണ്ടായിരുന്നു. അച്ചടിയില്ലാത്തതുകൊണ്ടു പകര്‍ത്തെഴുത്തു മാത്രമായിരുന്നു പോംവഴി. നൂറും ഇരുന്നൂറും തങ്കം പ്രതിഫലം കൊടുത്താണു പകര്‍പ്പുകളെഴുതിയിരുന്നത്. യൂക്ലിഡിന്റെ (ഗ്രീക്ക് ശാസ്ത്രജ്ഞന്‍) ഒരു ഗ്രന്ഥം പകര്‍ത്തിക്കൊടുത്തതിന് എഴുപത്തഞ്ചു തങ്കം പ്രതിഫലം കിട്ടിയ കഥ പ്രശസ്ത പ്രകാശ ശാസ്ത്രജ്ഞനായ ശൈഖ് ഇബ്‌നു ഹസം വിവരിക്കുന്നു. ആറുമാസത്തെ തന്റെ ജീവിത ചെലവിനുള്ള തുകയാണു ലഭിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി. വിദഗ്ധരായ എഴുത്തുകാരെ മുസ്്‌ലിംഭരണാധികാരികള്‍ ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ (ശാസ്ത്രഭവന്‍) നിശ്ചയിച്ചിരുന്നു. പകര്‍ത്തെഴുത്തിനും തര്‍ജ്ജമയ്ക്കും വേണ്ടിയാണ് ഒരുനില ഉപയോഗിച്ചിരുന്നത്.
നബി (സ്വ) യുടെ കാലത്തു പരന്ന എല്ലിന്‍കഷ്ണത്തിലും തോലിലുമായിരുന്നു എഴുതിയിരുന്നത്. പിന്നീട് 'മിഹ്‌റാഖ്' എന്ന ഒരുതരം ഘനമുള്ള പട്ടും ഉപയോഗിക്കാന്‍ തുടങ്ങി. ഈജിപ്തിലുണ്ടാകുന്ന ബര്‍ദാ എന്ന മരത്തിന്റെ തൊലിയും ഇതിന്നുപയോഗിച്ചിരുന്നു. തോലിലും ബര്‍ദയിലുമെഴുതിയ ചില പ്രധാനഗ്രന്ഥങ്ങള്‍ ദാറുല്‍ കുതുബുല്‍ മിസ്‌രിയ്യ (ഈജിപ്ത്) ലൈബ്രറിയില്‍ ഇന്നും സൂക്ഷിച്ചുവരുന്നു. ഇത്തരം കൈയെഴുത്തു പ്രതികളില്‍ പത്തും അന്‍പതും വാല്യങ്ങളുള്ള ബൃഹത്തായ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെടുത്താണു വിജ്ഞാന ദാഹികള്‍ ഉപയോഗിച്ചിരുന്നത്. വിജ്ഞാനങ്ങളെ ഉപാസിച്ച സമൂഹത്തിനല്ലാതെ ആര്‍ക്കാണണിതു സാധിക്കുക. നിരന്തരം ഗ്രന്ഥരചനയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ജ്ഞാനപ്രഥിതരായിരുന്നു മധ്യനൂറ്റാണ്ടിലെ മുസ്്‌ലിം പ്രതിഭാശാലികള്‍.
ഇമാം അഅ്മശി (റ) എഴുതാന്‍ ഉപയോഗിച്ചിരുന്ന ഉപേക്ഷിച്ച പേനത്തണ്ടുകളായിരുന്നു അദ്ദേഹത്തിന്റെ ജനാസ കളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ വിറകായി ഉപയോഗിച്ചിരുന്നത്. വെള്ളം ചൂടാക്കാവാവശ്യമായത്ര ഉപയോഗശൂന്യമായ പേനത്തണ്ടുകള്‍ അവിടെ കിടപ്പുണ്ടായിരുന്നു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കൈയെഴുത്തു ഗ്രന്ഥങ്ങള്‍ അവര്‍ തയാറാക്കി. വിവിധ ശാഖകളിലുള്ള വിജ്ഞേയോപഹാരങ്ങളായിരുന്നു ആ ഗ്രന്ഥങ്ങള്‍. പിന്നെ കടലാസു നിര്‍മാണം തുടങ്ങി. മുസ്്‌ലിം സ്‌പെയിനായിരുന്നു കടലാസു നിര്‍മാണരംഗത്തു യൂറോപ്പില്‍ പുരോഗതി നേടിയ രാഷ്ട്രം. കോര്‍ദോവോ യൂനിവേഴ്‌സിറ്റിക്കു സമീപം നാലുലക്ഷത്തിലേറെ ഗ്രന്ഥങ്ങളുള്ള കൂറ്റന്‍ ലൈബ്രറി വിജ്ഞാന കുതുകികളുടെ തീര്‍ഥാടനകേന്ദ്രമായി പരിലസിച്ചു.
ഹിജ്‌റ ആറാം നൂറ്റാണ്ടായപ്പോഴേയ്ക്കും ഒട്ടുമിക്ക വിഷയങ്ങളിലും മുസ്്‌ലിം പണ്ഡിതന്മാര്‍ ഗ്രന്ഥരചന നടത്തിയിരുന്നു. വിജ്ഞാനത്തിന്റെ ഏതെങ്കിലുമൊരു ശാഖ അവരുടെ രചനയിലോ ചര്‍ച്ചയിലോ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത്, മൊറോക്കോ, ബാഗ്ദാദ്, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിരവധി ലൈബ്രറികള്‍ ഇക്കാലത്തു നിര്‍മിക്കപ്പെട്ടു. പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള മസ്ജിദുകള്‍ വിജ്ഞാനകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചതിനു പ്രധാന കാരണം പള്ളികളിലുണ്ടായിരുന്ന ലൈബ്രറികളുടെ സൗകര്യമായിരുന്നു. ഇതു വിദ്യാര്‍ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിച്ചതുകൊണ്ടാണു മസ്ജിദുകളിലും അതിനോടനുബന്ധിച്ചും ഇസ്്‌ലാമിക കലാലയങ്ങള്‍ ഉയര്‍ന്നുവന്നത്.
കൊട്ടാരത്തിന്റെ പ്രൗഢിയായിരുന്നു ലൈബ്രറി. രാജകീയ ലൈബ്രറികളാണു മുസ്്‌ലിം ഭരണാധികാരികളുടെ കൊട്ടാരം. ഖലീഫ മഅ്മൂന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയോടു യുദ്ധം പ്രഖ്യാപിച്ചത് അവിടെ സൂക്ഷിച്ച ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനും കൊട്ടാരത്തില്‍ തടവിലിട്ട ശാസ്ത്രജ്ഞന്മാരെ മോചിപ്പിക്കാനുമായിരുന്നു. അവരെ ബാഗ്ദാദില്‍ കൊണ്ടുവന്നപ്പോള്‍ മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനപ്പെട്ടു. പുരാതന വിജ്ഞാനങ്ങളെ നാശത്തില്‍നിന്നു രക്ഷപ്പെടുത്തിയതു ബാഗ്ദാദും കോര്‍ദോവയുമായിരുന്നു. ഭൗതിക നേട്ടങ്ങളേക്കാള്‍ അറിവിന്റെ ചക്രവാളം വികസിപ്പിക്കാനായിരുന്നു പൂര്‍വികമുസ്്‌ലിംകളുടെ ശ്രദ്ധ. പണക്കിഴികളുമായി ബാഗ്ദാദില്‍നിന്നും കോര്‍ദോവയില്‍ നിന്നും ഗവണ്‍മെന്റ് പ്രതിനിധി സംഘം ഇന്ത്യയിലും പര്യടനം നടത്തിയതായി ചരിത്രം പറയുന്നു.
ബൈസന്റിയന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരശാസ്ത്രജ്ഞനായ ഇബ്‌നു ഇസ്ഹാഖ് വലിയൊരു ഗ്രന്ഥശേഖരം കണ്ടെത്തിയ രസകരമായൊരു കഥയുണ്ട്. ബൈസന്റിയയില്‍നിന്ന് ഏഴുദിവസത്തെ ദൂരമുള്ള ആള്‍പാര്‍പ്പില്ലാത്ത ഗ്രാമത്തില്‍ ഒരു ദേവാലയത്തിലാണ് ഈ ഗ്രന്ഥശേഖരം. അദ്ദേഹത്തെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇബ്‌നു ഇസ്ഹാഖ് പറയുന്നു: ''നിരന്തരമുള്ള എന്റെ അഭ്യര്‍ഥന മാനിച്ച് അവസാനം അനുവദിച്ചു. മനോഹരമായ വെണ്ണക്കല്ലില്‍ പണിത ആ ദേവാലയത്തില്‍ ആയിരത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഞാന്‍ അവിടെ എത്തുമ്പോഴേക്കും അതിലേറെയും ചിതലിന്റെ ഭക്ഷണമായിത്തീര്‍ന്നിരുന്നു.''
ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയോടനുബന്ധിച്ചുള്ള ലൈബ്രറി തുനിഷ്യയിലെ ബൈത്തൂന ലൈബ്രറി, ഖൈറുവാനിലെ ഖൈറുവാനിയ്യ ലൈബ്രറി തുടങ്ങിയവ ലോകപ്രശസ്തിയാര്‍ജിച്ചതായിരുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് സിറിയയില്‍ സ്ഥാപിച്ച ലൈബ്രറിയില്‍ പത്തുലക്ഷത്തി നാല്‍പതിനായിരത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ കൈറോ നഗരത്തില്‍ ബാഗ്ദാദിനെ വെല്ലുന്ന നിലയ്ക്ക് ഒരു ലക്ഷം ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറി ഫാത്വിമിയ്യാ ഭരണകൂടം സ്ഥാപിച്ചു. കോര്‍ദോവ, ഗ്രാനഡ, ബാഗ്ദാദു എന്നീ നഗരങ്ങളാണു മധ്യനൂറ്റാണ്ടില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ രാജ്യങ്ങള്‍. കോര്‍ദോവ നഗരത്തിന്റെ പ്രൗഢിക്കു തിലകം ചാര്‍ത്തുന്നതായിരുന്നു നാലുലക്ഷം കൈയെഴുത്ത് ഗ്രന്ഥങ്ങളുള്ള ലൈബ്രറി. ഗ്രന്ഥത്തിന്റെ പേരെഴുതിയ പട്ടിക നാലു വാല്യങ്ങളുണ്ടായിരുന്നു.
റഷ്യന്‍ ചക്രവര്‍ത്തി ഉസ്ബക്കിസ്ഥാനിലെ പ്രശസ്തനായ മുസ്്‌ലിം വൈദ്യശാസ്ത്രജ്ഞനെ കൊട്ടാരത്തിലേയ്ക്കു ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചക്രവര്‍ത്തിയോടു പറഞ്ഞു: ''എന്റെ കൂടെയുള്ള ഗ്രന്ഥങ്ങള്‍ വഹിക്കാന്‍ 400 ഒട്ടകങ്ങള്‍ അയച്ചുതരണം. എന്നാലേ ഞാന്‍ വരികയുള്ളൂ''. 400 ഒട്ടകങ്ങള്‍ വഹിക്കുന്ന ഗ്രന്ഥങ്ങളുമായിട്ടാണ് അദ്ദേഹം വന്നത്. സ്‌റ്റോറി ഓഫ് സിവിലൈസേഷന്‍ എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ച ഈ സംഭവം അലീമിയാന്‍ തന്റെ ഗ്രന്ഥത്തിലുദ്ധരിച്ചിട്ടുണ്ട്.
ഗ്രാനഡയിലും മലാഗയിലും കോര്‍ദോവയിലുമുണ്ടായിരുന്ന ലൈബ്രറികള്‍ കുരിശുസമരക്കാലത്ത് നശിപ്പിച്ചു. ഈ ഗ്രന്ഥങ്ങള്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ ചെങ്കടലിനു കുറുകെ പാലം കെട്ടാന്‍ അതു മതിയാകുമായിരുന്നുവെന്നു ചില പാശ്ചാത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടതായി കാണാം. കൈറോവിലും ബാഗ്ദാദിലുമുള്ള ലൈബ്രറികളുടെ നാശം താര്‍ത്താരികളുടെ പടയോട്ടത്തോടെയാണ് ആരംഭിച്ചത്. നിസാമിയ്യ മദ്‌റസയുടെ ലൈബ്രറിയിലെ കിതാബുകള്‍ ടൈഗ്രീസ് നദിയില്‍ അവര്‍ വിതറി. അതിന്റെ മുകളിലൂടെയാണു ചെങ്കിസ്ഖാനും പരിവാരങ്ങളും അക്കരെ കടന്നത്. കുരിശുയുദ്ധത്തെ തുടര്‍ന്നു മുസ്്‌ലിം രാജ്യങ്ങളിലെത്തിയ യൂറോപ്യന്മാര്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ കൈക്കലാക്കി.
വത്തിക്കാനിലെ ഒരു ഗ്രന്ഥശേഖരത്തിലേയ്ക്കു ലബനാന്‍കാരനായ ഒരു ക്രിസ്ത്യാനിയെ പോപ്പ് അയച്ചു. അദ്ദേഹം മൂന്നു കപ്പലുകളിലായി ഗ്രന്ഥങ്ങള്‍ കയറ്റിക്കൊണ്ടുപോയി, വഴിമധ്യേ രണ്ടു കപ്പല്‍ മുങ്ങി.
ഒരു കപ്പലിലെ കിതാബുകള്‍ തന്നെ പോപ്പിനു ധാരാളമായിരുന്നു. ക്രിസ്ത്യാനിയായ ജോര്‍ജ് സൈദാന്‍ അദ്ദേഹത്തിന്റെ താരീഖു ആദാബില്‍ ലുഗത്തില്‍ അറബിയ്യയില്‍ വിവരിച്ചതാണ് ഈ സംഭവം. ലണ്ടനിലും പാരിസിലും ഇറ്റലിയിലും ജര്‍മനിയിലുമാണ് പൂര്‍വികപണ്ഡിതരെഴുതിയ ഗ്രന്ഥങ്ങളുള്ളത്. മാര്‍ക്കറ്റനുസരിച്ച് എഡിറ്റ് ചെയ്ത് അവര്‍ വില്‍പന നടത്തുന്നുണ്ട്. ഇരുപതുലക്ഷം അറബി ഗ്രന്ഥങ്ങള്‍ ഇപ്പോഴും ഓറിയന്റലിസ്റ്റുകള്‍ യൂറോപ്പില്‍ പലയിടത്തുമായി സൂക്ഷിക്കുന്നുണ്ട്. ഭീമമായ സംഖ്യ ചെലവഴിച്ചാലേ അതു ലഭിക്കുകയുള്ളൂ.
ദയൂബന്ത്, സഹാറന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ലൈബ്രറികള്‍ പ്രസിദ്ധമാണ്. വടക്കേ ഇന്ത്യയിലെ ഉലമാക്കള്‍ക്ക് അറബിയില്‍ ബൃഹത്തായ ഗ്രന്ഥങ്ങളെഴുതാന്‍ സാധിക്കുന്നത് ഈ ഗ്രന്ഥപ്പുരകള്‍ ഉള്ളതുകൊണ്ടാണ്. ഹൈദരാബാദിലെ ആസിഫിയ്യാ ലൈബ്രറി ഇന്ത്യയിലെ ഒരു വിളക്കുമാടം തന്നെ. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആ ലൈബ്രറിയില്‍ എന്നും സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രശസ്തമായ ദര്‍സുകളും വിജ്ഞാനകേന്ദ്രങ്ങളും നമ്മുടെ നാട്ടിലുണ്ടായിട്ടും കൊച്ചുരിസാലകളും മൗലിദുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലും അറബ് ലോകത്തും പരിഗണിക്കപ്പെടുന്ന ബൃഹത്തായ ഗ്രന്ഥങ്ങള്‍ ഉണ്ടാവാതെ പോയത് പൊതുഗ്രന്ഥാലയം ഇല്ലാത്തതുകൊണ്ടുതന്നെ. മഖ്ദൂം കുടുംബം ഈ വിടവു പരിഹരിച്ചുവെന്നു നമുക്കാശ്വസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."