ഗുജറാത്തില്‍ നേരത്തെ തെരഞ്ഞെടുപ്പില്ലെന്ന് അമിത് ഷാ
അഹമ്മദാബാദ്: ഗുജറാത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്തില്ലെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ഉണ്ടായ വിജയം ഗുജറാത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ഗുജറാത്തില്‍ ഇത്തവണ അട്ടിമറി വിജയം നേടാനുള്ള ശക്തമായ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിന് മുന്‍പായി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. അതേസമയം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന ആരോപണം ശക്തമായത് പാര്‍ട്ടിക്ക് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്.
ഇതോടെ ജനങ്ങളെ വൈകാരിക തലത്തിലേക്ക് കൊണ്ടുവന്ന് വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള നീക്കവും ബി.ജെ.പി അണിയറയില്‍ ശക്തമാക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."