അച്ഛനെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍
മുഹമ്മ: മാരാരിക്കുളത്ത് വീടാക്രമിച്ച് അച്ഛനെയും മകനെയും വെട്ടിപരുക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി പൊലിസ് പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മാടത്താണിവെളി അഭിമന്യൂ (27)വിനെയാണ് മാരാരിക്കുളം പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഗ്രാന്റ് ജങ്ഷന് വടക്ക് വശം പനമ്പാട്ട് വെളി വിജയന്, മകന് ബിനീഷ് എന്നിവരെ ആക്രമിക്കുകയും സമീപത്തുള്ള ചന്ദ്രന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത കേസുകളിലെ ഒന്നാം പ്രതിയാണ് അഭിമന്യു. രണ്ട് വര്‍ഷം മുമ്പ് ഓണാഘോഷത്തിന് കഞ്ചാവ് ലഹരിയില്‍ ഇയാള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ വിജയനും മകനും ചേര്‍ന്ന് ഇയാളെ കീഴ്പെടുത്തി പൊലിസിന് കൈമാറിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
കേസിലെ മറ്റ് പ്രതികളെ കുറിച്ച് പൊലിസിന് സൂചന കിട്ടിയിട്ടുണ്ട്. ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ്. അഭിമന്യൂ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 ന് മായിത്തറയില്‍ ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ്. ആയുധങ്ങളുമായി പോകുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഓട്ടോ ഡ്രൈവറെ ആക്രമിക്കാന്‍ കാരണം. കഞ്ചാവ് കേസ് ഉള്‍പ്പെടെ 9 ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് മാരാരിക്കുളം പൊലിസ് പറഞ്ഞു. പ്രതിയെ ആലപ്പുഴ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."