തെരുവുനായ ശല്യം: പെറുതിമുട്ടി ജനം
തുറവൂര്‍: അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നി പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ ശല്യം സഹിക്കവയ്യാതെ ജനങ്ങള്‍ പൊറുതിമുട്ടുന്നു.
കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ക്ക് കടിയേല്‍ക്കുകയും വീടുകളിലെ വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. ഇതുവരെ 200 ഓളം പേരാണ് പട്ടിയുടെ കടിയേറ്റ് തുറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്. ഒഴിഞ്ഞ പറമ്പുകളിലും ഇടവഴികളിലും റോഡിലും രാത്രിയെന്നോ, പകലെന്നോ, വ്യത്യാസമില്ലാതെ കൂട്ടമായി നടക്കുന്നതുമൂലം ജനങ്ങള്‍ പേടിച്ചാണ് യാത്ര ചെയ്യുന്നത്. പല സ്ഥലങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാനാണ് പട്ടികള്‍ എത്തുന്നത്.
തുറവൂര്‍ ഉപജില്ലയില്‍ 65 സ്‌കൂളുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കുട്ടികളിലധികവും സ്‌കൂളിലേക്ക് നടന്നുപോകുന്നവരാണ്. ഇതുമൂലം രക്ഷാകര്‍ത്താക്കള്‍ ഭീതിയിലാണ്. പട്ടി ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സ്‌കൂള്‍ പരിസരങ്ങളിലും ഇടറോഡുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും ഇവ ഭക്ഷിക്കാന്‍ പട്ടികള്‍ ധാരാളം എത്തുമെന്നും പട്ടിയുടെ കടിയേല്‍ക്കുകയോ, നഖം കൊള്ളുകയോ ചെയ്താല്‍ ആളെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും തുറവൂര്‍ താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍ ആര്‍.റൂബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."