പാല്‍ സംഭരണത്തില്‍ നിയന്ത്രണവുമായി മില്‍മ; ഇന്ന് സംഭരണമില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളത്തില്‍നിന്നുള്ള പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാന്‍ തയാറല്ലെന്ന് തമിഴ്‌നാട്. ഇതോടെ കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മില്‍മ മലബാര്‍ യൂനിയന്‍ സംഭരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇന്ന് സംഭരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. കൂടാതെ നാളെ മുതല്‍ കര്‍ഷകരില്‍നിന്ന് അന്‍പത് ശതമാനം പാല്‍ മാത്രമേ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സംഭരിക്കുകയുള്ളൂവെന്നും മില്‍മ മലബാര്‍ മേഖലാ മാനേജിങ് ഡയരക്ടര്‍ കെ.എം വിജയകുമാര്‍ അറിയിച്ചു.
പാല്‍ പാല്‍പ്പൊടിയാക്കി മാറ്റി പ്രതിസന്ധി മറികടക്കാനുള്ള മില്‍മയുടെ ശ്രമത്തിന് തമിഴ്‌നാടിന്റെ നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
മലബാറില്‍ ഏകദേശം ആറര ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഒരു ദിവസം സംഭരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ബാക്കിയാവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബാക്കി വരുന്ന പാല്‍ തമിഴ്‌നാട്ടിലെ പ്ലാന്റുകളിലേക്കെത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റിയിരുന്നു. എന്നാല്‍ കേരളത്തിലുള്ളതിലും കൂടുതല്‍ ക്ഷീര കര്‍ഷകരുള്ള തമിഴ്‌നാട്ടില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ഇരട്ടി പാല്‍ തമിഴ്‌നാട് മില്‍ക്ക് ഫെഡറേഷന്‍ സംഭരിക്കുന്നുണ്ട്. ഇത്രയും പാല്‍ അവിടെ വില്‍പന നടക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള ഫാക്ടറികളില്‍ തമിഴ്‌നാടിന്റെ പാല്‍ പൊടിയാക്കുന്ന പ്രക്രിയ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പാല്‍ കൂടി ഏറ്റെടുത്ത് പൊടിയാക്കാനാകില്ലെന്നാണ് തമിഴ്‌നാട് മില്‍മയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
ഇന്ന് സംഭരണമില്ലാത്തതിനാല്‍ മലബാറിലെ ക്ഷീരകര്‍ഷകരുടെ പാല്‍ പാഴാവും. ഹോട്ടലുകളും കൂള്‍ബാറുകളും അടഞ്ഞുകിടക്കുന്നതിനാല്‍ പാല്‍ ചെലവഴിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. വീടുകളില്‍ നേരിട്ട് വില്‍പന നടത്തുന്നതിനും പരിമിതിയുണ്ട്. വരും ദിവസങ്ങളില്‍ സംഭരണത്തിന്റെ തോത് പകുതിയായി കുറയുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.
സംസ്ഥാനത്ത് മില്‍മ മൂന്ന് മേഖലകളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നത് മലബാര്‍ യൂനിയനിലാണ്. പ്രതിദിനം ഏകദേശം ആറര ലക്ഷം ലിറ്റര്‍ പാലാണ് മലബാറിലെ ഉല്‍പാദനം. മലബാറിലെ വില്‍പന കഴിച്ച് ബാക്കി പാല്‍ എറണാകുളം, തിരുവനന്തപുരം മേഖലകളിലേക്ക് കയറ്റിയയക്കാറാണ് പതിവ്.
കൊവിഡ് 19 പ്രതിസന്ധിയില്‍ കേരളത്തില്‍ പാല്‍ വില്‍പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളും ചെറുകിട ചായക്കടകളും കൂള്‍ബാറുകളും അടഞ്ഞുകിടക്കുന്നതാണ് മില്‍മയുടെ പാല്‍ വില്‍പന കുറയാന്‍ കാരണം.
ഈ പ്രതിസന്ധിയെ മറികടക്കാനാണ് പാല്‍ പാല്‍പ്പൊടിയാക്കി സൂക്ഷിക്കാനുള്ള മാര്‍ഗത്തെക്കുറിച്ച് മില്‍മ ആലോചിച്ചത്.
എറണാകുളത്ത് പാല്‍ സംസ്‌കരണ ഫാക്ടറി ഉണ്ടെങ്കിലും ഇവിടെ കുറഞ്ഞ അളവിലുള്ള പാല്‍ മാത്രമേ പൊടിയാക്കാനാവൂ. ഇതാണ് തമിഴ്‌നാടിനെ ആശ്രയിക്കാന്‍ കാരണം. കഴിഞ്ഞ 23ന് മില്‍മ കര്‍ഷകരില്‍നിന്ന് പാല്‍ സ്വീകരിക്കുന്നത് ഒരു ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."