കര്‍ണാടകയുടെ നിലപാട് മനുഷ്യത്വരഹിതം: അഞ്ചരയ്ക്ക് മുന്‍പ് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
എറണാകുളം: കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതല്‍ നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടക കൂടുതല്‍ സമയം ആശ്യപ്പെടുകയും അതിര്‍ത്തി തുറക്കില്ലെന്നുമുള്ള നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം. ഇന്ന് അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഇന്നുതന്നെ വിധി ഉണ്ടായേക്കും.
വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷമാകും കര്‍ണാടകം കോടതിയെ തീരുമാനമറിയിക്കുക എന്നാണ് വിവരം.
കാസര്‍കോട് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേര്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് കര്‍ണാടക ചൂണ്ടിക്കാട്ടി. അതിര്‍ത്തി അടച്ചതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ല.
മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.മാര്‍ച്ച് 26നാണ് ചരക്കു ഗതാഗതം അടക്കം തടഞ്ഞുകൊണ്ട് കണ്ണൂര്‍ മൈസൂര്‍ പാതയില്‍ കര്‍ണാടക മണ്ണുമതില്‍ തീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."