രാജ്യസഭയെ വൃദ്ധസദനമാക്കരുത്; പി.ജെ കുര്യനെ ലക്ഷ്യം വെച്ച് യുവനേതാക്കള്‍
തിരുവനന്തപുരം: രാജ്യസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ യുവനിര ഉയര്‍ത്തിയ കലാപക്കൊടി പടരുന്നു. പി.ജെ കുര്യനെതിരായ നീക്കത്തില്‍ വിടി ബല്‍റാമിനും ഷാഫി പറമ്പിലിനും പിന്നാലെ ഹൈബി ഈഡനും റോജി എം.ജോണും രംഗത്ത്.
പിജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് വി.ടി ബല്‍റാമും ഷാഫി പറമ്പിലും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നും യുവാക്കളെയാണ് പരിഗണിക്കേണ്ടതെന്നും ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
നേതാക്കന്മാരുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറി. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. ജനങ്ങള്‍ കാംക്ഷിക്കുന്നത് പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായില്ലെങ്കില്‍ അത് ജനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തുമെന്നും ഹൈബി പറഞ്ഞു.
മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്ന് നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്ന് റോജിയും ആഞ്ഞടിച്ചു. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവര്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അനില്‍ അക്കരയും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."