പോര്‍ച്ചുഗല്‍ ഷൂട്ടില്‍ പോളണ്ട് ഔട്ട്
പോര്‍ച്ചുഗല്‍- 5 പോളണ്ട്-3
പോര്‍ച്ചുഗല്‍ സെമിയില്‍
പാരിസ്: യൂറോ കപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളണ്ടിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സെമിയില്‍ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1നു സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 5-3നാണ് ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ ജയിച്ചത്. ഷൂട്ടൗട്ടില്‍ പോളണ്ട് താരം യാക്കൂബ് ബ്ലാസികോവ്‌സ്‌കിയുടെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി പട്രീഷ്യോ തടുത്തു. ഇതോടെ പോര്‍ച്ചുഗലിന് അഞ്ചാം ഗോള്‍ നിര്‍ണായകമായി. കിക്കെടുത്ത ക്വാറെസ്മ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു. നാലാം തവണയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പ് സെമിയിലെത്തുന്നത്.
കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച്ച വെച്ച റെനാറ്റോ സാഞ്ചസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റസ് ടീമിനെ കളത്തിലിറക്കിയത്. കോച്ചിന്റെ തീരുമാനം നൂറു ശതമനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു സാഞ്ചസിന്റെ പ്രകടനം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗലിനെ ഞെട്ടിച്ചു കൊണ്ടാണ് പോളണ്ട് ആദ്യമായി കിട്ടിയ ക്വാര്‍ട്ടര്‍ പ്രവേശം ആഘോഷിച്ചത്. രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി പോളണ്ട് തുടക്കം ഗംഭീരമാക്കുകയായിരുന്നു. ഫോമില്ലായ്മയെ തുടര്‍ന്ന് വിമര്‍ശനം നേരിടേണ്ടി വന്ന ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു സ്‌കോറര്‍. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളെന്ന നേട്ടവും ലെവന്‍ഡോസ്‌കിയുടെ ഗോളിനു ലഭിച്ചു. ഗ്രോസിക്കിയുടെ ക്രോസില്‍ നിന്നാണ് ലെവന്‍ഡോസ്‌കി ഗോള്‍ നേടിയത്. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതോടെ പോര്‍ച്ചുഗല്‍ തിരിച്ചടിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയും ചെറിയ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോളണ്ടിന്റെ കടുത്ത പ്രതിരോധത്തെ പരീക്ഷിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പതിയെ പോര്‍ച്ചുഗല്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ക്രിസ്റ്റ്യാനോയുടെ മികച്ചൊരു ഷോട്ട് പോളണ്ട് ഗോളി ലൂക്കാസ് ഫാബിയാന്‍സ്‌കി സേവ ്‌ചെയ്തു.
33ാം മിനുട്ടില്‍ പോളണ്ട് പ്രതിരോധത്തെ ഭേദിച്ച് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി. തകര്‍പ്പന്‍ പാസിങ് ഗെയിമിലായിരുന്നു ഗോള്‍ പിറന്നത്. നാനിയുടെ മനോഹരമായ പാസില്‍ നിന്നു റെനാറ്റോ സാഞ്ചസാണ് ഗോള്‍ നേടിയത്. 18 കാരനായ സാഞ്ചസിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. യൂറോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി സാഞ്ചസ് മാറി. സ്‌കോര്‍ തുല്യമായതോടെ വമ്പന്‍ മുന്നേറ്റങ്ങള്‍ക്കൊന്നും ഇരു ടീമുകളും ആദ്യ പകുതിയില്‍ തയ്യാറായില്ല.
രണ്ടാം പകുതിയിലും ഇരുവര്‍ക്കും ലക്ഷ്യം നേടാനായില്ല. പോര്‍ച്ചുഗല്‍നിരയില്‍ നാനിയുടെ ഷോട്ട് അനായാസം ഫാബിയാന്‍സ്‌കി സേവ് ചെയ്തു. തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോയുടെയും സെഡ്രിക്കിന്റെയും അവസരങ്ങള്‍ പാഴായി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ചിപ്പ് ചെയ്താന്‍ വലയിലെത്തുമായിരുന്ന അവസരവും ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തി. നിശ്ചിത സമയം ഇതോടെ ഇരു ടീമുകളും സമനില പാലിച്ചു. അധിക സമയത്തും ലക്ഷ്യം കാണുന്നതില്‍ ഇരു പക്ഷവും പരാജയപ്പെട്ടതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
പോര്‍ച്ചുഗലിന്റെ അഞ്ചു കിക്കും ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യാനോ, സാഞ്ചസ്, മോട്ടീനോ, നാനി, ക്വാറെസ്മ എന്നിവരാണ് കിക്കെടുത്തത്.
പോളണ്ടിന്റെ ആദ്യ മൂന്നു കിക്കെടുത്ത ലെവന്‍ഡോസ്‌കി, മിലിക്, ഗ്ലിക് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്ലാസികോവ്‌സ്‌കിയുടേത് ഗോളി തടുത്തിട്ടു. സെമിയില്‍ പോര്‍ച്ചുഗലിന് ബെല്‍ജിയം- വെയ്ല്‍സ് മത്സരത്തിലെ വിജയികളാണ് എതിരാളികളായി എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."