കുറ്റവും ശിക്ഷയും ലോക്ക് ഡൗണും
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ യതീഷ് ചന്ദ്ര എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മൂന്നു പേരെ ശിക്ഷിച്ചത് വിചിത്രമായ രീതിയിലാണ്. മൂന്നുപേരെക്കൊണ്ടും പൊലിസ് ഏമാന്‍ ഏത്തമിടീച്ചു. എണ്ണം തെറ്റുന്നുണ്ടോ എന്ന് കൃത്യമായി അദ്ദേഹം പരിശോധിച്ചു കൊണ്ടിരുന്നു. ഐ.പി.സിയിലോ സി.ആര്‍.പി.സിയിലോ ഇങ്ങനെയൊരു ശിക്ഷയില്ല. സ്മൃതികളിലോ ശരീഅത്തിലോ ഇല്ല, മതഗ്രന്ഥങ്ങളിലൊന്നിലും ഏത്തമിടീക്കലിനെപ്പറ്റി സൂചനയില്ല. പരിഷ്‌കൃത സമൂഹങ്ങളില്‍ ഇത്തരം ശിക്ഷകളെപ്പറ്റി കേട്ടുകേള്‍വിയേ ഇല്ല. എന്നിട്ടും യതീഷ് ചന്ദ്ര ശിക്ഷ അതി ഗംഭീരമായി നടപ്പിലാക്കി. സംഗതി ഒരു പാട് എതിര്‍പ്പുകള്‍ വരുത്തിവയ്ക്കുകയും ചെയ്തു. പൊലിസ് നടപടികളെക്കുറിച്ചുള്ള ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ക്ക് അതു വഴിവച്ചു. യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ കേരള പൊലിസിന് അപമാനമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കേരളത്തിന്റെ പൊതുബോധവും ഈ നിലപാടിന് ഒപ്പമാണ്.
യതീഷ് ചന്ദ്ര ഇമ്മട്ടില്‍ പേരു കേള്‍പ്പിക്കുന്നത് ഇതാദ്യമല്ല. ഇത്തിരി എരിവും പുളിയുമൊക്കെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ പണ്ടേയുണ്ട്. പുതുവൈപ്പിനില്‍ സ്വന്തം തൊപ്പിയുടെ ബലം നിസ്സഹായരായ മനുഷ്യരുടെ ശരീരങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച് സംതൃപ്തിയടഞ്ഞ മനുഷ്യനാണ് അദ്ദേഹം, ശബരിമലയില്‍ ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ കണ്ണുരുട്ടിയ നേരം തിരിച്ചും കണ്ണുരുട്ടാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായില്ല. അടിയും ഇടിയും ലാത്തിയും തോക്കുമൊന്നും യതീഷ് ചന്ദ്രക്ക് അത്ര പ്രശ്‌നമല്ലെന്ന് സാരം. അതിനാല്‍ ഏത്തമിടീക്കല്‍ എന്ന അസംസ്‌കൃതമായ ശിക്ഷാവിധിയില്‍ ഈ ഉന്നത ഉദ്യോഗസ്ഥനു പരിതാപമൊന്നും കാണുകയില്ല. സംഗതി വൈറലാവുകെയൊക്കെ ചെയ്തുവെങ്കിലും അതില്‍ എന്ത് അപമാനം എന്നായിരിക്കാം മൂപ്പരുടെ ചിന്തയുടെ പോക്ക്.
അതിനാല്‍ പ്രബുദ്ധ കേരളവും ഇവിടുത്തെ രാഷ്ട്രീയ കക്ഷികളും സാംസ്‌കാരിക നായകരും ഒന്നൊഴിയാതെ യതീഷ് ചന്ദ്രക്ക് എതിരാണ് . എതിരായേ പറ്റൂ. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ പൊലിസ് ഏമാന്‍ ശിക്ഷിച്ച രീതിയെ മറ്റൊരു രീതിയില്‍ കണ്ടാലോ. ഏത്തമിടേണ്ടി വന്ന മൂന്നുപേരും ഐ.പി.സിയില്‍ എണ്ണിപ്പറഞ്ഞ അതി ഗുരുതരമായ തെറ്റൊന്നും ചെയ്തിട്ടില്ല. ചെയ്തുവെങ്കില്‍ തന്നെ അതിനു ശിക്ഷ വിധിക്കാന്‍ പൊലിസിന് അധികാരമില്ല. എഫ്.ഐ.ആര്‍, കുറ്റം ചുമത്തല്‍, വിചാരണ, സാക്ഷിവിസ്താരം, എതിര്‍ വിസ്താരം തുടങ്ങിയ നാനാവിധ നടപടികളിലൂടെ കോടതി മുറികളില്‍ ദീര്‍ഘകാലം കിടന്നു കളിക്കും സംഭവം. ഒടുവില്‍ എങ്ങനെയൊക്കെയോ സംഗതി അവസാനിക്കും. നിര്‍ഭയ കേസ് ഒന്നുമല്ലല്ലോ ഇത്. അത് കൊണ്ട് ചുമ്മാ ഒന്നു ഞെട്ടിച്ചുവിടേണ്ടേ കേസായി മാത്രമേ യതീഷ് ചന്ദ്ര ഇതിനെ കണ്ടിരിക്കാന്‍ ഇടയുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ ഒന്നു പൊട്ടിച്ചു വിട്ടാല്‍ പല തെമ്മാടിത്തങ്ങളും ആ നിമിഷം അവസാനിക്കും. അത്ര മാത്രമേ ഇവിടെയും സംഭവിച്ചുള്ളൂ എന്ന് വിചാരിച്ചാലോ! യതീഷ് ചന്ദ്രയുടെ പൊലിസ് ഏമാന്‍ മനോഭാവം സംഭവത്തെ ഇത്തിരി ക്രൂരത ചാര്‍ത്തി വികലമാക്കി. അങ്ങനെയങ്ങ് വിട്ടുകളഞ്ഞാല്‍ അത് ലോക്ക് ഡൗണ്‍ കാലത്തെ മലയാളിയുടെ വിട്ടുവീഴ്ചയായിത്തീരാം. ഏത്തമിട്ടവര്‍ പോലും സംഗതി അങ്ങനെ തീര്‍ന്നു കിട്ടിയതില്‍ സമാധാനിക്കുന്നുണ്ടാവും.
ഇന്ത്യയിലെ നിയമമനുസരിച്ച് ശിക്ഷ വിധിക്കാനും നടപ്പിലാക്കാനും പൊലിസിന് അധികാരമുണ്ടോ? ഉണ്ടെങ്കില്‍ ഏത്തമിടീക്കല്‍ വ്യവസ്ഥാപിതമായ ശിക്ഷാ രീതിയായി കണക്കാക്കാമോ എന്ന് ആലോചിക്കുകയൊന്നും വേണ്ട. യതീഷ് ചന്ദ്രയുടെ കുന്നിയ്ക്ക് പിടിച്ച് അദ്ദേഹത്തിന്റെ ഔദ്ധത്യത്തിനിട്ട് ഒരു പൂശു പൂശാം. ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് എന്ന് പറയാറില്ലേ. ഏതാണ്ട് അതേമാതിരിയുള്ള പരിപാടിയാണിത്. കോടതിക്കു പുറത്ത് വെച്ച് പ്രശ്‌നം തീരുന്നു. കേസിനും കോടതി നടപടിയ്ക്കുമൊന്നും വഴിവയ്ക്കാതെ പൊലിസ് സംഭവം അവസാനിപ്പിക്കുന്നു. അങ്ങനെയും കരുതിക്കൂടേ?
ഏത്തമിടല്‍ അല്ലാതെ മറ്റു ചില ശിക്ഷാ നടപടികളിലും പൊലിസ് ലോക്ക് ഡൗണ്‍ കാലത്ത് ഏര്‍പ്പെട്ടിട്ടുണ്ട്. ഇമ്പോസിഷന്‍ എഴുതിക്കലാണ് അവയില്‍ ഒന്ന്. ഞാനിനി ബൈക്കുമായി റോഡില്‍ ചുറ്റിക്കറങ്ങുകയില്ല എന്ന് അമ്പത് വട്ടം എഴുതിയാല്‍ സംഗതി തീര്‍ന്നു. ഈ ജന്മത്തില്‍ അവന്‍ ഇനി നിയമം ലംഘിക്കുകയേ ഇല്ല. ഒരു പാട് പയ്യന്മാര്‍ ഇക്കഴിഞ്ഞ ആഴ്ചയില്‍ ഇങ്ങനെ ഇംപോസിഷനെഴുതി തടി കഴിച്ചിലാക്കിയിട്ടുണ്ട്. ഇംപോസിഷന്‍ എഴുതിക്കാന്‍ ഐ.പി.സിയില്‍ വകുപ്പുണ്ടോ? ഏത്തമിടീക്കലില്‍ മനുഷ്യാവകാശ പ്രശ്‌നമുണ്ടെങ്കില്‍ ഇംപോസിഷനിലും അതുണ്ട്. മാനസിക പീഡനമുണ്ട്. പക്ഷേ അത് ആളുകള്‍ വിട്ടു. ആ ആനുകൂല്യം ഏത്തമിടീക്കലിനും കൊടുത്തു കൂടേ എന്നേ ചോദ്യമുള്ളൂ. പിടിച്ചു കൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദിക്കുന്നതിലും ഭേദമല്ലേ ഏത്തമിടല്‍?
പണ്ട് കോഴിക്കോട്ട് ഒരു വനിതാ പൊലിസ് കമ്മിഷണറുണ്ടായിരുന്നു. രാവിലെ സ്വന്തം ബംഗ്ലാവിന്റെ മുന്നിലുള്ള നിരത്തിലൂടെ ഓടുന്ന പതിവുണ്ടായിരുന്നു അവര്‍ക്ക്. കമ്മിഷണറുടെ ഈ വ്യായാമം കൗതുകക്കാഴ്ചയായി എന്ന് ചുരുക്കം. ഓടുന്നത് കമ്മിഷണറാണെന്നറിയാതെ ഒരു ദിവസം രണ്ടു ചെറുപ്പക്കാര്‍ കമന്റടിച്ചു. ഏതോ സിനിമാപ്പാട്ട് പാടിയായിരുന്നു കളിയാക്കല്‍. പക്ഷേ കളി കാര്യമായി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം രണ്ടെണ്ണത്തിനേയും പൊലിസ് പിടിച്ചു അകത്താക്കി. വൈകുന്നേരം വരെ പാട്ടു പാടലായിരുന്നു ശിക്ഷ. കുറച്ചുനേരം പാടിയപ്പോഴേക്കും കമന്റടിച്ച ചെറുപ്പക്കാര്‍ വശംകെട്ടിരുന്നു. ഇനി ആരേയും കമന്റടിക്കുകയില്ല എന്ന് അവര്‍ കമ്മിഷണറുടെ കാല് പിടിച്ച് ആണയിട്ടു എന്നാണ് കഥ. ഐ.പി.സിയിലെ ഏതെങ്കിലും വകുപ്പനുസരിച്ച് അവരുടെ പേരില്‍ കേസ് ചാര്‍ജു ചെയ്ത് ശിക്ഷിച്ചിരുന്നുവെങ്കില്‍ രണ്ടു ക്രിമിനലുകള്‍ കൂടി പിറവിയെടുക്കുകയില്ലായിരുന്നു എന്ന് ആരു കണ്ടു. ആ പഴയ കമ്മിഷണറുടെ നടപടി തെറ്റായിരിക്കാം. പക്ഷേ അവരുടെ മനോധര്‍മ്മത്തിനു കൊടുക്കണം നൂറു മാര്‍ക്ക്. ചില സന്ദര്‍ഭങ്ങളില്‍ പൊലിസുദ്യോഗസ്ഥരെ തുണയ്ക്കുക മനോധര്‍മ്മമായിരിക്കും.
പല ശിക്ഷാവിധികളേയും ഇന്ന് പ്രാകൃതമായാണ് കണക്കാക്കുന്നത്. സ്‌കൂളുകളില്‍ വടിയില്ല, ഇമ്പോസിഷനില്ല. ബെഞ്ചില്‍ കയറ്റി നിര്‍ത്തല്‍ ഇല്ല. അതെല്ലാം നിലവിലുണ്ടായിരുന്ന കാലത്ത് കുട്ടിക്കാലം കഴിച്ച ആളായിരുന്നതിനാല്‍ ആവാം ലോക്ക് ഡൗണ്‍ കാലത്തെ ഏത്തമിടീക്കലിനെ പോലും ഞാന്‍ ഇങ്ങനെ സമീപിക്കുന്നത്. ക്രമസമാധാനത്തിന് ഭംഗം വരുത്തി, കൂട്ട് കൂടി നിന്ന് നിയമം ലംഘിച്ചു, വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു, തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്നും മറ്റുമുള്ള നൂറായിരം വകുപ്പുകളാല്‍ കുറ്റം ചാര്‍ത്തപ്പെട്ടു വലഞ്ഞ് പൊലിസ് സ്‌റ്റേഷനും കേടതിയും കയറുന്നതിലും ഭേദമല്ലേ ഏത്തമിടല്‍ എന്ന് ഇപ്പറഞ്ഞ കക്ഷികള്‍ക്കെങ്ങാനും തോന്നുന്നുണ്ടാവുമോ ? അതൊക്കെയാണ് ഇന്നത്തെ പൊലിസ് മുറ എന്ന് ചിന്തിക്കുമ്പോള്‍ വിശേഷിച്ചും. ഏതായാലും ഒന്നു നന്നായി, പൊലിസ് സേനക്ക് അപമാനമാണ് താന്‍ എന്ന് യതീഷ് ചന്ദ്രക്ക് ബോധ്യമായി. നിയമം ലംഘിച്ചവരെ അറസ്റ്റ് ചെയ്ത്, കേസ് ചാര്‍ജു ചെയ്ത് ലോക്കപ്പിലടച്ചിരുന്നുവെങ്കില്‍ അദ്ദേഹം കൂടുതല്‍ അപമാനം വരുത്തിവച്ചേനെ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."