മദ്യ കുറിപ്പടി: തീരുമാനം പിന്‍വലിക്കണം
ലോക്ക് ഡൗണ്‍ വേളയില്‍ മദ്യം ലഭിക്കാതെ വരുന്ന മദ്യാസക്തര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നലെ കരിദിനം ആചരിച്ചുകൊണ്ടാണ് ജോലിക്ക് ഹാജരായത്. കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ ജോലിസന്നദ്ധതയെ നിരുത്സാഹപ്പെടുത്തുന്ന തലതിരിഞ്ഞ നടപടിയായിപ്പോയി സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായത്. തീരുമാനം പിന്‍വലിക്കണമെന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കയാണ്.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പുകള്‍ ഹാജരാക്കുന്നവര്‍ക്കു നിശ്ചിത അളവില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് വകുപ്പിനു നിര്‍ദേശം നല്‍കിയിരിക്കയാണ്. ഒരാഴ്ചയില്‍ മൂന്നു ലിറ്റര്‍ വീതം മദ്യം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മദ്യാസക്തി പ്രകടിപ്പിക്കുന്ന മദ്യപര്‍ക്കു മരുന്ന് മദ്യമല്ലെന്നാണ് ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്.
കേരളത്തില്‍ ഒന്നേകാല്‍ കോടിയോളം മദ്യപരുണ്ടെന്നാണു കണക്ക്. ഇതില്‍ ആറു ലക്ഷം പേര്‍ മദ്യത്തിന് അടിമപ്പെട്ടവരാണ്. ഇവര്‍ക്കു മദ്യം കിട്ടാതെ വരുമ്പോള്‍ പലവിധ അസ്വസ്ഥതകളും പ്രകടിപ്പിക്കും. വിറയല്‍, ഛര്‍ദ്ദി, അപസ്മാരം എന്നിവയ്ക്കു പുറമെ ആത്മഹത്യാ പ്രവണതകളും കാണിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനു ചികിത്സയായി പിന്നെയും മദ്യം കൊടുക്കുക എന്നത് തലതിരിഞ്ഞ ഏര്‍പ്പാടാണ്. അതൊരു താല്‍ക്കാലിക ശമനമേ ആകുന്നുള്ളൂ. പരിഹാരമാകുന്നില്ല.
ഇത്തരത്തിലുള്ള ആളുകളെ മരണത്തിലേക്കു തള്ളിവിടുന്ന നടപടിയായി മാത്രമേ സര്‍ക്കാര്‍ തീരുമാനത്തെ കാണാനാകൂ. ചകിത്സാ ധര്‍മങ്ങള്‍ക്കു വിരുദ്ധമാണ് മദ്യത്തിനു മദ്യം കൊണ്ടുള്ള ചികിത്സ. അതൊരു മരുന്നല്ല. അതുകൊണ്ടും കൂടിയാണ് ഡോക്ടര്‍മാര്‍ ഈ 'ചികിത്സ'യ്‌ക്കെതിരേ രംഗത്തുവന്നതും. ഇത്തരം ചികിത്സ തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ ക്വാട്ട പ്രകാരമുള്ള ആഴ്ചയിലെ മൂന്നു ലിറ്റര്‍ കൊണ്ടു പ്രശ്‌നം പരിഹരിക്കാനാവില്ല. രൂക്ഷമാവുകയേയുള്ളൂ. കാരണം മദ്യാസക്തി ഒരു രോഗമാണ്. തലച്ചോറ്, കരള്‍, ഹൃദയം എന്നിവയെ അതു ബാധിക്കുന്നു. അമിത മദ്യപാനം ആന്തരികാവയവങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നു എന്നാണ് മദ്യാസക്തി പ്രകടിപ്പിക്കുന്നതിലൂടെ അമിത മദ്യപര്‍ വ്യക്തമാക്കുന്നത്. മദ്യവിമുക്തിക്കുള്ള ശരിയായ ചികിത്സ നല്‍കാതെ അവരെ മരണത്തിലേക്ക് എളുപ്പത്തില്‍ പറഞ്ഞയയ്ക്കുക എന്ന നയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ആറു ലക്ഷത്തോളം പേര്‍ ഇങ്ങനെ കാലഗതി പ്രാപിച്ചോട്ടെ എന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ കൂട്ടത്തില്‍ പെടുത്തിയാണ് മദ്യാസക്തി മൂലം ആത്മഹത്യ ചെയ്തവരെയും സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്തു മദ്യം കിട്ടാതെ വന്നപ്പോള്‍ അമിത മദ്യപര്‍ പ്രകടിപ്പിച്ച അസ്വസ്ഥതകളും അവരില്‍ ചിലരുടെ ആത്മഹത്യയും ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനോടു സമം ചേര്‍ക്കുന്നത് ഒട്ടും ന്യായീകരിക്കാനാവില്ല.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം പൊതുസമൂഹത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്യവില്‍പ്പന അവസാനിപ്പിച്ചത്. അതേ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയിലൂടെ പുറംവാതില്‍ വഴി മദ്യം ലഭ്യമാക്കുകയും ചെയ്യുന്നു. സാധാരണ രോഗികളെക്കാള്‍ അമിത മദ്യപാനികളുടെ തള്ളിക്കയറ്റമായിരിക്കും ഇതുവഴി ഡോക്ടര്‍മാരുടെ പരിശോധനാ മുറികളില്‍ സംഭവിക്കുക. യഥാര്‍ഥ രോഗികള്‍ക്ക് ഇതുകാരണം മതിയായ ചികിത്സ കിട്ടാതാവുകയും ചെയ്യും. ബെവ്‌കോയുടെ മദ്യ വില്‍പ്പനശാലകള്‍ക്കു മുന്നില്‍ കണ്ടിരുന്ന ക്യൂ ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍ക്കു മുന്നിലായിരിക്കും ഇനിയുണ്ടാവുക.
അമിത മദ്യാസക്തിയുള്ളവരെ ചികിത്സിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കേരള സംസ്ഥാന ലഹരിവര്‍ജന മിഷന്റെ കീഴിലുള്ള വിമുക്തി പദ്ധതി. 'ഞാന്‍ ലഹരി ഉപയോഗിക്കില്ല, ലഹരിയുടെ സൗഹൃദങ്ങള്‍ ഞാന്‍ ഒഴിവാക്കും, ലഹരി വിരുദ്ധ ക്ലബ്ബില്‍ ഞാന്‍ അംഗമാകും, എന്റെ കഴിവുകളില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കും, വിഷമസന്ധികളില്‍ പെടുമ്പോള്‍ ഞാന്‍ കൗണ്‍സിലര്‍മാരുടെ ഉപദേശം തേടും, ലഹരി വില്‍പ്പന ശ്രദ്ധയില്‍പെട്ടാല്‍ ഞാന്‍ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കും' എന്നൊക്കെയുള്ള വലിയൊരു പരസ്യം തന്നെ സര്‍ക്കാര്‍ വിമുക്തിക്കു വേണ്ടി ഇറക്കിയിട്ടുണ്ട്. പോരാത്തതിന് എല്ലാ ജില്ലകളിലുമുള്ള വിമുക്തി ഡി അഡിക്ഷന്‍ സെന്റുകളുടെ ഫോണ്‍ നമ്പരുകളും കൂട്ടത്തിലുണ്ട്.
കേരളത്തില്‍ മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കി ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് വിമുക്തി പദ്ധതി ആരംഭിച്ചതെങ്കിലും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊക്കെയും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന പേരില്‍ കഴിഞ്ഞ ഡിസംബറില്‍ പിറവത്ത് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ പരിപാടി നടത്തിയിരുന്നു. ഇത് സംസ്ഥാന വിമുക്തി മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കോ ബോധവല്‍കരണങ്ങള്‍ക്കോ യാതൊരു പ്രസക്തിയും നല്‍കാത്ത വിധമാണു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ തലതിരിഞ്ഞ തീരുമാനം. മദ്യം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ സൗജന്യ ചികിത്സയും ടെലി കൗണ്‍സിലിങ്ങും നടത്തുന്നുണ്ട്. ഇതിനൊന്നും പ്രോത്സാഹനം നല്‍കാതെ ഒറ്റമൂലി ചികിത്സ എന്നവണ്ണം മദ്യത്തിനു ഡോക്ടര്‍മാരുടെ കുറിപ്പടി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക.
ഇതൊരു ചികിത്സാരീതിയല്ലാത്തതിനാല്‍ കുറിപ്പടി നല്‍കാന്‍ ഡോക്ടര്‍മാരെ നിര്‍ന്ധിക്കാന്‍ സര്‍ക്കാറിനു കഴിയുകയുമില്ല. കൊവിഡ്- 19നെ ചെറുക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും മറ്റെല്ലാം മറന്നു ജീവന്മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ആത്മാഭിമാനം തകര്‍ക്കുന്ന ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. അതിനാല്‍ നിയമവിരുദ്ധവും അധാര്‍മികവുമായ മദ്യ കുറിപ്പടി തീരുമാനം സര്‍ക്കാര്‍ എത്രയും പെട്ടെന്നു പിന്‍വലിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."