പദവിയില്‍ നിന്നു നീക്കം ചെയ്ത നടപടി നിയമപരമല്ലെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍
കൊച്ചി: സംസ്ഥാന ഡി.ജി.പി പദവിയില്‍ നിന്നു നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. ഡി.ജി.പി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിനെതിരേ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹരജിയില്‍ സെന്‍കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സെന്‍കുമാര്‍ സത്യവാങ്മൂലം നല്‍കിയത്.
ഈ വിശദീകരണത്തില്‍ സര്‍ക്കാരിന് മറുവാദമുണ്ടെങ്കില്‍ ജൂലൈ നാലിന് സമര്‍പ്പിക്കാമെന്ന് നിര്‍ദ്ദേശിച്ച് ജാസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍, പദ്മിനി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട സി.എ.ടി ബെഞ്ച് ഹരജി പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി.
തന്നെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയത്, മൂന്നു സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഡി.ജി.പിയെ തിരഞ്ഞെടുക്കണമെന്നും ഈ പദവിയില്‍ രണ്ടു വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്നുമുള്ള സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ്. കെ.എസ് ബാലസുബ്രഹ്മണ്യം, ഡോ. അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ വിരമിച്ചതിനെത്തുടര്‍ന്ന് ദിനേശ് കുമാര്‍ ശര്‍മ്മ, മഹേഷ് കുമാര്‍ സിംഗ്‌ള, ടി.പി. സെന്‍കുമാര്‍ എന്നിവരെയാണ് ഡി.ജി.പി പദവിയിലേക്ക് പരിഗണിച്ചത്.
ദിനേശ് കുമാര്‍ ശര്‍മ്മ ഐ.ബിയിലേക്കും സിംഗ്‌ള ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വിസിലേക്കും പോയതിനാലാണ് തന്നെ ഡി.ജി.പിയായി നിയമിച്ചത്. ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയതോടെ നിലവിലെ തസ്തികയില്‍ ശമ്പള സ്‌കെയിലിലും ഗ്രേഡിലും കുറവു വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറലിനു നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല.
ജിഷ വധക്കേസ്, പുറ്റിങ്ങല്‍ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. പുറ്റിങ്ങല്‍ കേസില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം 2016 ഏപ്രില്‍ 12 ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തേടി.
ഇതു നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം പൊലിസിന്റെ മാത്രം വീഴ്ചയല്ല, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും സംഭവത്തില്‍ ബാധ്യതയുണ്ട്. ഈ കേസില്‍ സര്‍ക്കാര്‍ ഉത്തരവിട്ട ജുഡിഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും നടക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കുന്നുമുണ്ട്. ഈ കേസില്‍ കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന വാദം തെറ്റാണ്.
സി.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമേ ഡി.ജി.പിക്ക് നടപടിയെടുക്കാനാവൂ. ഇതിനു മുകളിലുള്ളവര്‍ക്കെതിരേ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ താല്പര്യത്തിനു വഴങ്ങി പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി ഡി.ജി.പിയില്‍ നിന്ന് പ്രതീക്ഷിക്കരുത്. പുറ്റിങ്ങല്‍ ദുരന്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പിന്നീട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി.വി.ഐ.പകളുടെ സന്ദര്‍ശനങ്ങളിലും മേല്‍നോട്ടം വഹിച്ചു. ക്രൈം എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാന പ്രതികളെയെല്ലാം അറസ്റ്റു ചെയ്തു.
ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലിസുകാരെ വെള്ളപൂശിയെന്ന വാദം നിഷേധിക്കുന്നു. ഈ കേസില്‍ ഡി.എന്‍.എ, വിരലടയാളം, തലമുടിയുടെ സാമ്പിള്‍, ചെരുപ്പ് എന്നിവ ശേഖരിച്ചു. ഫോറന്‍സിക് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധന പ്രതിയുടെ അറസ്റ്റിനും വിജയകരമായ പ്രോസിക്യൂഷന്‍ നടപടിക്കും ആവശ്യമാണ്. ഒരു കൊലക്കേസിന്റെ അന്വേഷണത്തിലെ ദൈനംദിന പുരോഗതി ഡി.ജി.പി സര്‍ക്കാരിനെ അറിയിക്കുന്ന കീഴ്‌വഴക്കമില്ല. ഈ കേസില്‍ ആഭ്യന്തര വകുപ്പിലെ അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ചോദിച്ച 15 ചോദ്യങ്ങള്‍ക്കും കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് മറുപടി നല്‍കിയിരുന്നു.
കൂടാതെ സ്റ്റേറ്റ് ഇന്റലിജന്റ്‌സ് വിഭാഗം ദൈനംദിന വിവരങ്ങള്‍ നല്‍കുന്നുമുണ്ട്. ജിഷയുടെ മൃതദേഹം രാത്രിയിലാണ് കണ്ടെത്തിയതെന്നതിനാല്‍ പൈശാചികമായി മുറിവേറ്റതൊന്നും പരിശോധനയില്‍ ശ്രദ്ധയില്‍ പെട്ടില്ല. മാത്രമല്ല, ജിഷ ഈഴവ സമുദായാംഗമാണെന്നാണ് അമ്മ പൊലിസിനോടു പറഞ്ഞത്. അടുത്ത ദിവസമാണ് ഈ കേസില്‍ കൊലക്കുറ്റത്തോടൊപ്പം വീടുകയറി ആക്രമിക്കല്‍, പീഡനക്കുറ്റം തുടങ്ങിയവ ചുമത്തിയത്. ജിഷ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് വ്യക്തമായതും അടുത്ത ദിവസമാണ്.
അന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ കോള്‍ രേഖകള്‍, വിരലടയാളങ്ങള്‍, സി.സി. ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ചു. പ്രതിയെന്ന് സംശയിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇത്തരം പരശോധനകളിലൂടെയാണ് ഒഴിവാക്കിയത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്കും പരിശോധിച്ചു. തെരഞ്ഞെടുപ്പു കാലമായതിനാല്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള കെട്ടുകഥകളും രൂപപ്പെട്ടു. മാധ്യമങ്ങളുടെ സെന്‍സേഷണലിസത്തിന് അന്വേഷണ സംഘം വഴങ്ങരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
കോടതി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് ഒഴികെയുള്ള തെളിവുശേഖരണമൊക്കെ ആദ്യ അന്വേഷണ സംഘമാണ് നടത്തിയത്. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."