HOME
DETAILS
MAL
10 ദിവസം കൊണ്ട് കാസര്‍കോട്ട് അതിനൂതന കൊവിഡ് ചികിത്സാകേന്ദ്രം
backup
April 01 2020 | 21:04 PM
തിരുവനന്തപുരം: പത്ത് ദിവസം കൊണ്ട് കാസര്‍കോട്ട് അതിനൂതന കോവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെയാണ് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി ദ്രുതഗതിയില്‍ മാറ്റുന്നത്. ജില്ലയില്‍ 90ലധികം കോവിഡ് ബാധിതരുള്ള സാഹചര്യത്തില്‍ എത്രയും വേഗം വിദഗ്ധ ഐസൊലേഷന്‍ ചികിത്സ ഒരുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. ഇതനുസരിച്ച് കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പ്രൊപ്പോസലിന് സര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കി. ആശുപത്രി ഉപകരണങ്ങള്‍ക്കായി 4.21 കോടി രൂപയും കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ക്കായി 78.1 ലക്ഷം രൂപയും മരുന്നുകള്‍ക്കും മറ്റുമായി 2 കോടി രൂപയും ഉള്‍പ്പെടെ ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തില്‍ ചികിത്സയ്ക്കായി സജ്ജമാക്കുക. ഐ.സി.യു യൂനിറ്റുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ഡ്യൂട്ടി റൂം, സ്റ്റോര്‍, ഫാര്‍മസി എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജമാക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരെ ഇവിടെ ചികിത്സിക്കും. നിരീക്ഷണത്തിലുള്ള രോഗികളെ ഒന്നാം നിലയിലാണ് ചികിത്സിക്കുക. ഗ്രൗണ്ട് ഫ്‌ളോറില്‍ 14 കിടക്കകളുള്ള ഐ.സി.യു, 129 കിടക്കകളുമായി 9 ഐസൊലേഷന്‍ വാര്‍ഡ്, രണ്ട് കിടക്കകള്‍ വീതമുള്ള 5 ഐസൊലേഷന്‍ മുറികള്‍ എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ 75 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കും.
കൊവിഡ് ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കുന്നവ ഭാവിയല്‍ മെഡിക്കല്‍ കോളജിന് ഉപയോഗപ്പെടുത്താമെന്നും മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ മംഗലാപുരത്ത് ചികിത്സയ്ക്ക് പോകുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."