പാലിയേക്കര ടോള്‍ പ്ലാസ: ഇലക്ട്രോണിക് ടോള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ സ്മാര്‍ട്ട് കാര്‍ഡ് നിരോധിച്ചു ഇലക്ട്രോണിക് ടോള്‍ പിരിവ് ഏര്‍പ്പെടുത്താനുള്ള നീക്കം പ്രദേശവാസികള്‍ക്കു തിരിച്ചടിയാകുന്നു.
പുതിയ സമ്പ്രദായം നിലവില്‍ വരുന്നതോടെ സൗജന്യ പാസുപയോഗിക്കുന്ന പ്രദേശിക വാഹനങ്ങള്‍ പണം കൊടുത്തു പോകേണ്ട സ്ഥിതിയാണുണ്ടാകുന്നത്. രാജ്യത്തെ ദേശീയപാതകളില്‍ വാഹനയാത്രയും ടോള്‍പിരിവും സുഗമമാക്കുന്നതിനു ടോള്‍പ്ലാസ സെന്ററുകളില്‍ 'ഇന്റര്‍ ഓപ്പറബിള്‍ ഹൈബ്രിഡ് ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍' ഏര്‍പ്പെടുത്താനാണു ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ഇതു പ്രകാരം പ്രതിമാസ പാസും സൗജന്യ പാസും നിര്‍ത്തിവച്ച് ഫാസ്റ്റാഗ് സംവിധാനത്തിലേക്ക് മാറാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്. ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോള്‍പിരിവ് നടപ്പാക്കിയാല്‍ നിലവില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള സൗജന്യ യാത്രാപാസുള്ളവരും ടോള്‍പ്ലാസ കടക്കാന്‍ പണം നല്‍കേണ്ടിവരും.
ഈ കാര്യം ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കരാര്‍ കമ്പനിയും ഒന്നരമാസം മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.
പത്തു കിലോമീറ്റര്‍ ചുറ്റളവിലെ പ്രാദേശിക വാഹനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് ഇപ്പോള്‍ ആശങ്കക്കിടയാക്കുന്നത്.
ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല.നിലവില്‍ പ്രാദേശിക വാഹനങ്ങളുടെ ടോള്‍തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
2012ലെ തീരുമാനപ്രകാരം 43,000 സൗജന്യ പാസുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. ഈയിനത്തില്‍ 2017 നവംബര്‍ മാസം വരെ 72.3 കോടി രൂപ സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് നല്‍കാനുണ്ട്. ഇതില്‍ 2014 ഓഗസ്റ്റ് വരെയുള്ള 3.59 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ദേശീയപാത നിര്‍മാണവും ടോള്‍പിരിവും ബി.ഒ.ടി. കമ്പനിയെ ഏല്‍പ്പിച്ചതു മുതല്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും നാനാഭാഗത്തു നിന്നുമുണ്ടായിരുന്നു.
ഇലക്ട്രോണിക് ടോള്‍പിരിവോ ഫാസ്റ്റാഗോ ഏര്‍പ്പെടുത്തിയാലും പ്രദേശിക വാഹനങ്ങളുടെ സൗജന്യയാത്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
ടോള്‍ കമ്പനിക്ക് സഹായകമാകുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ മാത്രമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ദേശീയപാത അതോറിറ്റിയും കാലങ്ങളായി നടത്തി വരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നിലവിലുണ്ടായിരുന്ന പാതയില്‍ ചുങ്കം കൊടുത്ത് പോകേണ്ട സാഹചര്യത്തിലേക്ക് ജനങ്ങളെ എത്തിക്കുകയും സഞ്ചാരസ്വാതന്ത്യം നിഷേധിക്കുകയും ചെയ്തതിന് പിന്നില്‍ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."