നമ്പര്‍ ക്രമീകരണം കണക്കിലെടുക്കാതെ റേഷന്‍ വിതരണം
മഞ്ചേരി: സൗജന്യ റേഷന്‍ വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നമ്പര്‍ ക്രമീകരണം ഫലം കണ്ടില്ല. ഇന്നലെ രാവിലെ മുതല്‍ മിക്ക റേഷന്‍ കടകള്‍ക്കു മുന്നിലും വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.
കൊവിഡ്- 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ക്കു മുന്നിലെ തിരക്കൊഴിവാക്കി സാമൂഹിക അകലം പാലിച്ച് അരി നല്‍കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ റേഷന്‍ വിതരണത്തിനു കാര്‍ഡ് നമ്പറിന്റെ അവസാന അക്കങ്ങള്‍ അടിസ്ഥാനമാക്കിയത്. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ചു പേര്‍ വരെ മാത്രമേ ഉണ്ടാകാവൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതു പാലിക്കാതെയായിരുന്നു മിക്ക റേഷന്‍ കടകളിലെയും വിതരണം.
സര്‍ക്കാര്‍ നിര്‍ദേശിച്ച നമ്പര്‍ ക്രമീകരണം പാലിക്കാന്‍ ഗുണഭോക്താക്കളും റേഷന്‍ കടയുടമകളും തയാറാകാതിരുന്നതാണ് കൂടിനിന്ന് റേഷന്‍ വാങ്ങുന്ന അവസ്ഥയുണ്ടാക്കിയത്. കാര്‍ഡ് നമ്പറിന്റെ അവസാനം 0, 1 അക്കങ്ങള്‍ ഉള്ളവര്‍ക്കാണ് ഇന്നലെ റേഷന്‍ വിതരണം നടത്തേണ്ടിയിരുന്നത്. എന്നാല്‍ പലയിടങ്ങളിലും ഇതൊന്നും ശ്രദ്ധിക്കാതെ എല്ലാ വിഭാഗം കാര്‍ഡ് ഉടമകളും രാവിലെ 7.30ഓടെ റേഷന്‍ വാങ്ങാനെത്തി. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതും പാലിക്കപ്പെട്ടില്ല.
മിക്കയിടങ്ങളിലും റേഷന്‍ കടകള്‍ക്കു മുന്നില്‍ കൂടിനിന്നവരെ പൊലിസ് ഇടപെട്ടാണ് നിയന്ത്രിച്ചത്. പരസ്പരം അകലം പാലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിതരണം തടസ്സപ്പെടുകയും ചെയ്തു. റേഷന്‍ കടകള്‍ക്കു മുന്നില്‍ ഗുണഭോക്താക്കള്‍ക്കു നില്‍ക്കാന്‍ പ്രത്യേകം അടയാളങ്ങള്‍ ഇട്ടിരുന്നെങ്കിലും ഇതു പലരും കണക്കിലെടുത്തില്ല.
നമ്പര്‍ ക്രമീകരണം സര്‍ക്കാരിന്റെ പബ്ലിസിറ്റി തന്ത്രമാണെന്ന രീതിയില്‍ ചില റേഷന്‍ വ്യാപാരികള്‍ തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചാരണം നടത്തിയിരുന്നു. ഇതിനു പുറമെ നമ്പര്‍ അടിസ്ഥാനമാക്കേണ്ടതില്ലെന്നും എല്ലാ ദിവസവും റേഷന്‍ വാങ്ങാമെന്നും വ്യാപക പ്രചാരണവും നടന്നു. ഇതും നമ്പര്‍ ക്രമീകരണം ഫലം കാണാതിരിക്കാന്‍ കാരണമായി. അഞ്ചു ദിവസത്തിനുള്ളില്‍ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്ക് പിന്നീടു ലഭിക്കില്ലെന്ന പ്രചാരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."