കെ. ബാലകൃഷ്ണനും ജോണി ലൂക്കോസിനും സപര്യ മാധ്യമപുരസ്കാരം
കാഞ്ഞങ്ങാട്: മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ. ബാലകൃഷ്ണന്, മനോരമ ന്യൂസ് ചാനല്‍ ഡയരക്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണി ലൂക്കോസ് എന്നിവര്‍ സപര്യ സാംസ്കാരിക സമിതി സംസ്ഥാനകമ്മറ്റി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമപുരസ്കാരത്തിന് അര്‍ഹരായി.പത്ര-ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഇരുവര്‍ക്കും പുരസ്കാരം നല്‍കുന്നതെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുകുമാരന്‍ പെരിയച്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനതലത്തില്‍ മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് പയ്യന്നൂര്‍ ഏറ്റുകുടുക്ക യു.പി സ്കൂളിലെ കെ. രവീന്ദ്രനെ തെരഞ്ഞെടുത്തു. പുരസ്കാര ജേതാക്കള്‍ക്ക് 15,000 രൂപ വീതവും കാനായികുഞ്ഞിരാമന് രൂപകല്പന ചെയ്ത വെങ്കലശില്പവും പ്രശസ്തി പത്രവും സമ്മാനിക്കും. സമിതി രക്ഷാധികാരികാളായ കാനായി കുഞ്ഞിരാമന്, കവി എസ്. രമേശന്‍നായര്‍ എന്നിവരും ഡോ.ആര്.സി കരിപ്പത്തും ഉള്‍പ്പെട്ട സമിതിയാണ് പുരസകാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ജൂണ്‍ ആറിന് ഉച്ചക്കുശേഷം 2.30ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിലാണ് പുരസ്കാര ദാനചടങ്ങ്.
പത്മശ്രീ ഡോ.ടി.എ സുന്ദര്മേനോന് ഉദ്ഘാടനം ചെയ്യും. കവി എസ്. രമേശന്‍നായര്‍ പുരസ്കാര സമര്‍പ്പണം നടത്തും. ചരിത്രകാരന് കെ.കെ മുഹമ്മദ് വിശിഷ്ടാതിഥിയായിരിക്കും.
നാടകപ്രവര്‍ത്തകന്‍ രാജ്മോഹന്‍ നീലേശ്വരം,വന്യജീവി സംരക്ഷകന്‍ തളിപ്പറമ്പിലെ വിജയ്നീലകണ്ഠന്‍, ദാരുശില്പി രാജേഷ് ആചാര്യ താമരക്കുഴി എന്നിവരെ ആദരിക്കും.
തിരഞ്ഞെടുത്ത സ്കൂള്‍ സുവനീറുകള്‍ക്കുള്ള പുരസ്കാരവും സമ്മാനിക്കും.
മാവുങ്കാല്‍ രാമനഗരം ഗവ.ഹയര്‍സെക്കന്‍ഡറി, പുതുക്കൈ ഗവ.യു.പി എന്നീ സ്കൂളുകള്‍ പുറത്തിറക്കിയ രാമനഗരം,ശതമുദ്ര എന്നീ സുവനീറുകളെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സിവില്‍സര്‍വീസ് റാങ്ക് ജേതാവ് കാഞ്ഞങ്ങാട്ടെ ടി.കെ വിഷ്ണുപ്രദീപിനെയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിക്കും.
രവീന്ദ്രന് തൃക്കരിപ്പൂര്‍,ഇ.വി.ആനന്ദകൃഷ്ണന്, രാജേഷ്പുതിയകണ്ടം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."