ആറു വര്‍ഷത്തിനു ശേഷം ബ്രസീല്‍ ഒന്നാം റാങ്കില്‍
സൂറിച്ച്: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍ ഫിഫ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ബദ്ധവൈരികളായ അര്‍ജന്റീനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു സെലക്കാവോകളുടെ മുന്നേറ്റം.
കഴിഞ്ഞ ജൂണില്‍ ദുംഗയ്ക്കു പകരം പരിശീലക സ്ഥാനമേറ്റ ടിറ്റെയുടെ കീഴില്‍ തുടര്‍ച്ചയായ ഒന്‍പതു വിജയങ്ങള്‍ സ്വന്തമാക്കി ബ്രസീല്‍ കുതിക്കുകയാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി അവര്‍ 2018ലെ റഷ്യന്‍ ലോകകപ്പിനു സീറ്റുറപ്പിച്ച ആദ്യ ടീമായി മാറുകയും ചെയ്തു.
അതേസമയം യോഗ്യതാ പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം ബൊളീവിയയോടു തോല്‍വി വഴങ്ങിയതാണു അര്‍ജന്റീനയ്ക്കു തിരിച്ചടിയായത്. നായകന് മെസ്സിയുടെ വിലക്കടക്കമുള്ള വിഷയങ്ങള്‍ അവരുടെ മോശം പ്രകടനത്തിനു കാരണമാണ്.
ലോക ചാംപ്യന്മാരായ ജര്‍മനിയാണു മൂന്നാം സ്ഥാനത്ത്. ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ ചിലി നാലാമതും കൊളംബിയ അഞ്ചാമതും ഫ്രാന്‍സ് ആറാം സ്ഥാനത്തുമുണ്ട്. ബെല്‍ജിയമാണ് ഏഴാമതുള്ളത്. യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ എട്ടാമതും സ്വിറ്റ്സര്‍ലാന്‍ഡ് ഒന്‍പതിലും മുന്‍ ലോക ചാംപ്യന്മാരായ സ്പെയിന് പത്താമതും ഇറ്റലി പന്ത്രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
ദയനീയ പ്രകടനം തുടരുന്ന ഹോളണ്ട് ചരിത്രത്തിലാദ്യമായി ഏറെ പിന്നിലേക്കു തള്ളപ്പെട്ടു. 11 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് അവര്‍ 32ാം റാങ്കിലേക്കു പതിച്ചു.
വെയ്ല്‍സ് 13ാം റാങ്കില്‍ നില്ക്കുമ്പോള് ഇംഗ്ലണ്ട് 14ാം സ്ഥാനം നിലനിര്‍ത്തി. ഉറുഗ്വെ 15ല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."