ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച ലഹരിവസ്തുക്കള്‍ പിടികൂടി
കുമ്പള: ജില്ലയില്‍ ലഹരി ഉല്പന്നങ്ങള്ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ നടന്ന റെയ്ഡില്‍ കുമ്പളയിലെ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
കുമ്പളയിലെ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച 10000 പാക്കറ്റ് പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളുമാണ് പൊലിസ് പിടികൂടിയത്. ബേക്കൂര്‍ സ്വദേശിയും കൊടിയമ്മ പൂക്കട്ട ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബൂബക്കറി (53)നെയാണ് കുമ്പള പൊലിസ് അറസ്റ്റ് ചെയ്തത്. പുകയില ഉല്പന്നങ്ങള് കടത്താന്‍ ഉപയോഗിച്ച റിട്സ് കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടകയില്‍നിന്നു കൊണ്ടുവന്ന് കാസര്‍കോടെ വിവിധ ഭാഗങ്ങളിലുള്ള കടകളിലേക്കു വിതരണം ചെയ്യാന്‍ സൂക്ഷിച്ചതായിരുന്നു പുകയില ഉല്പന്നങ്ങളെന്ന് പൊലിസ് പറഞ്ഞു. ചില സ്കൂളുകള്‍ക്കു സമീപത്തെ കടകളിലേക്ക് അബൂബക്കര്‍ ലഹരി മിഠായികള്‍ വിതരണം നടത്തിയതായും പൊലിസ് പറഞ്ഞു.
കുമ്പള സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ. പ്രേംസദനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അബൂബക്കറിനെ പൊലിസ് പിന്തുടരുകയായിരുന്നു. അഡി.എസ്.ഐ അശോകന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രദീഷ് ഗോപാല്‍, അനില്‍, പവിത്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിനിടെ ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നര കിലോഗ്രാം കഞ്ചാവുമായി മുളിഞ്ച സ്വദേശി ഉള്ളാളില്‍ അറസ്റ്റിലായി. മുളിഞ്ച സ്കൂളിനു സമീപത്തെ കുണ്ടുപുളി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖാണ് (32) അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ ഉള്ളാല്‍ പൊലിസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ജില്ലാപൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നു രണ്ടു ദിവസമായി ജില്ലയില്‍ പൊലിസ് ലഹരി വസ്തുക്കള്‍ പിടികൂടാനായി വ്യാപക റെയ്ഡ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ നടത്തിയ റെയ്ഡില്‍ അരലക്ഷം രൂപയുടെ നിരോധിത പാന്‍ ഉല്പന്നങ്ങള് കണ്ടെത്തി നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
മംഗളൂരുവില്‍നിന്നാണ് വന്‍ തോതില്‍ ലഹരി ഉല്പന്നങ്ങള് ജില്ലയിലേക്ക് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ലഹരി വസ്തുക്കള്‍ ജില്ലയിലെത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ജില്ലയില്‍ ലഹരിവേട്ട തുടരുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."