വിളവുമില്ല, വില്‍പനയുമില്ല; നട്ടംതിരിഞ്ഞ് കര്‍ഷകര്‍
താമരശ്ശേരി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക വിളവെടുപ്പും വില്‍പനയും നടത്താനാകാതെ കര്‍ഷകര്‍.
ചെറുകിട വന്‍കിട വ്യത്യാസമില്ലാതെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു ഉപജീവനം നടത്തിവരുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. തേങ്ങ, പൈനാപ്പിള്‍, കശുവണ്ടി,റബര്‍, വാഴ, കപ്പ തുടങ്ങിയവ കൃഷി ചെയ്യുന്നവരുടെ കാര്യം കഷ്ടത്തിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയുടെ വിളവെടുപ്പിനു തൊഴിലാളികളെ കിട്ടാതായി.
ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വിളവെടുപ്പ് നടന്നാലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇടത്തരം കര്‍ഷകരാണ് ഇത്തരത്തില്‍ ഏറെ പ്രയാസമനുഭവിക്കുന്നത്. പലയിടത്തും ഒരോ മാസവും ലഭിക്കുന്ന നാളികേര വില്‍പനയിലൂടെയാണ് പലരും ജീവിതം നയിച്ചു പോന്നിരുന്നത്. നാളികേരത്തിനു പുറമെ കശുവണ്ടി വിളവെടുപ്പ് സീസണാണിപ്പോള്‍. വടക്കന്‍ മലയോര മേഖലയിലെ പ്രധാന വിളയായ കശുവണ്ടിയില്‍ നിന്നുള്ള വരുമാനം പലര്‍ക്കും ഒരു വര്‍ഷത്തേക്കുള്ള സമ്പാദ്യം കൂടിയാണ്.
വിളവെടുപ്പ് നടത്താത്തതില്‍ വിളവു നശിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. മലയോര മേഖലയുടെ പ്രധാന വിളയായ റബര്‍ പാല്‍ ശേഖരണം നടത്തുന്നുണ്ടെങ്കിലും അവയും വില്‍ക്കാന്‍ സാധിക്കുന്നില്ല.
ഇത് ചെറുകിട, നാമമാത്ര മലയോര കുടിയേറ്റ കര്‍ഷകരുടെ നിത്യ ജീവിതത്തിനും തടസമായി മാറിയിട്ടുണ്ട്. പല വീടുകളിലും റബര്‍ ഷീറ്റുകള്‍ കെട്ടിക്കിടക്കുന്ന കാഴ്ചയാണുള്ളത്.
ഇതിനു പുറമെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് കമുകില്‍ നിന്നുള്ള വരുമാനവും ഇക്കുറി ഗണ്യമായി കുറഞ്ഞിരുന്നു. നാളികേരം സംഭരിക്കാനാവാത്തതിനാല്‍ കൊപ്ര സംഭരണവും കുറഞ്ഞതായി ഓയില്‍ മില്‍ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം മൊയ്തീന്‍ ഹാജി പറഞ്ഞു.
കൊപ്ര ലഭ്യത കുറയുന്നതോടെ വെളിച്ചെണ്ണ ഉല്‍പാദനം നിര്‍ത്തിവെക്കേണ്ടി വരുമെന്നും ഇത് വിലക്കയറ്റത്തിനു കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി ഭവന്‍ മുഖേന നാളികേര സംഭരണത്തിന് അനുമതി നല്‍കിയാല്‍ കര്‍ഷകര്‍ക്കും മില്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ഗുണകരമാവുമെന്നും മൊയ്തീന്‍ ഹാജി പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."