ചുമട്ടുതൊഴിലാളിയുടെ കൊലപാതകം: ബിഹാര്‍ സ്വദേശി അറസ്റ്റില്‍
തിരൂര്‍: തിരൂര്‍ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയെ ഉറങ്ങുന്നതിനിടെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ ചപ്ര പിട്ടോളി ബസാറിലെ സുഭാഷ് സിങ് (35) ആണ് പിടിയിലായത്.
കൊലപാതകം നടന്ന വെള്ളിയാഴ്ച രാവിലെ എട്ടോടെ തിരൂര്‍ തലക്കടത്തൂരില്‍നിന്നാണ് തിരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. ഖോച്ച് പൂരി ഭാഷയില്‍ സംസാരിക്കുന്ന പ്രതിയെ പരിഭാഷകന്റെ സഹായത്തോടെ ചോദ്യം ചെയ്ത ശേഷം ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു.
തിരൂര്‍ മാര്‍ക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയും നിറമരതൂര്‍ കാളാട് പത്തംപാട് സ്വദേശിയുമായ സെയ്തലവി (65) യാണ് കൊല്ലപ്പെട്ടിരുന്നത്.
മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ രാത്രിയില്‍ ഉറങ്ങുകയായിരുന്ന സൈതലവിയെ സുഭാഷ് സിങ് കല്ലുകൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന പ്രതി കല്ലുകൊണ്ടു മൂന്നു തവണ സൈതലവിയുടെ തലയ്ക്കടിച്ചെന്നു പൊലിസ് പറഞ്ഞു.
ഇയാള്‍ നേരത്തെ തിരൂരങ്ങാടി എ.ആര്‍ നഗറില്‍ ഒരാളെ ഇത്തരത്തില്‍ അക്രമിച്ചിരുന്നതായും എന്നാല്‍ അന്നു പരാതി ലഭിച്ചിരുന്നില്ലെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂര്‍ മാനസികരോഗ്യ ആശുപത്രിയില്‍ സുഭാഷ് സിങ് നേരത്തെ ചികിത്സയ്ക്കു വിധേയനായിട്ടുണ്ടെന്ന സൂചന ലഭിച്ചതിനാല്‍ ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. പ്രതിക്കു നാലു സഹോദരങ്ങളുണ്ടെന്ന വിവരത്തിനു പുറമേ മറ്റു വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."