ജീവനക്കാരെ നിയമിച്ചു: പബ്ലിക് ഹെല്‍ത്ത് ലാബ് ഉടന്‍
മലപ്പുറം: കാത്തിരിപ്പിനു വിരാമമിട്ടു ജില്ലാ ആസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് യാഥാര്‍ഥ്യമാകുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി പബ്ലിക് ഹെല്‍ത്ത് ലാബ് തുറക്കാന്‍ തീരുമാനമായത്.
ലാബിനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കുകയും സ്ഥിരം ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ലാബിന്റെ ഉദ്ഘാനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കം ചില പ്രവൃത്തികള്‍കൂടി പൂര്‍ത്തീകരിക്കാനുണ്ട്. അതു വേഗത്തില്‍ പൂര്‍ത്തീകരിച്ചു ലാബ് ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
ജില്ലയ്ക്കനുവദിച്ച പബ്ലിക് ഹെല്‍ത്ത് ലാബ് വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 2012ല്‍ അനുമതി ലഭിച്ച ഹെല്‍ത്ത് ലാബ് കെട്ടിടം ഇന്നും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പത്തു തസ്തികകളും അനുവദിച്ചിരുന്നു. സെപ്റ്റംബറില്‍ ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും അനിശ്ചിതമായി നീണ്ടു. കെട്ടിടവും മറ്റു സൗകര്യങ്ങളുമെല്ലാം ഒരുങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.
പബ്ലിക് ഹെല്‍ത്ത് ലാബ് വന്നാല്‍ പകര്‍ച്ചവ്യാധി നിര്‍ണയം വേഗത്തിലാകും. കൃത്യസമയത്തു ചികിത്സ ലഭ്യമാകുന്നതിന് ഇത് ഏറെ പ്രയോജനപ്പെടും. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നിര്‍ണയിക്കാനും എത്രമാത്രം ശരീരത്തെ ബാധിച്ചിട്ടുണ്ടെന്നും ഏതു തരമാണെന്നും എളുപ്പത്തില്‍ കണ്ടെത്താനുമുള്ള സംവിധാനങ്ങള്‍ ലാബിലുണ്ടാകും. നിലവില്‍ കോഴിക്കോടിനെയും ഗൗരവകരമായ കേസുകളില്‍ തിരുവനന്തപുരം ലാബിനെയുമാണ് മലപ്പുറം ആശ്രയിക്കുന്നത്.
ആശുപത്രികളില്‍നിന്നു പരിശോധനയ്ക്കയച്ചാല്‍ ഫലം ലഭിക്കണമെങ്കില്‍ പലപ്പോഴും പത്തു ദിവസത്തിലധികമെടുക്കും. ഇതിനിടെ രോഗം അതിന്റെ മൂര്ധന്യാവസ്ഥയിലെത്തിയിട്ടുണ്ടാകും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ പഴയ കെട്ടിടത്തിലാണ് ലാബിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിനിടെ കെട്ടിടത്തില്‍ ചോര്‍ച്ച കണ്ടെത്തിയതും ഉദ്ഘാടനം നീളാനിടയായി.
നിലവില്‍ ചോര്ച്ചയടക്കമുള്ളവ പരിഹരിക്കുകയും നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കാനുള്ള സൗകര്യത്തിനു പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്ലറ്റും സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."