റോഡു നിര്‍മാണം പുരോഗമിക്കുന്നു
കൂറ്റനാട്: തൃത്താല കൂറ്റനാട് റോഡ് ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചി കിലോമീറ്റര്‍ ദൂരമുള്ള റോഡ് വീതികൂട്ടി കോണ്‍ഗ്രീറ്റ് ഓവുചാലുകള്‍ നിര്‍മിച്ചു പൂര്‍ണമായും റബറൈസ്ഡ് ടാറിങ് നടത്തുന്നതിന് വേണ്ടി വിടി ബല്‍റാം എം.എല്‍.എ ആറര കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പാട ശേഖരങ്ങളില്‍നിന്നും വെള്ളം ഒഴുകി പോകുന്നതിനു വേണ്ടി റോഡിനു കുറുകെ കുറെ സ്ഥലങ്ങളില്‍ ഓവ് പാലങ്ങളും അതിനോടനുബന്ധിച്ചു കലുങ്കുകളും സ്ഥിതിചെയ്യുന്നുണ്ട്. പലയിടങ്ങളിലും ഓവ് പാലങ്ങള്‍ പഴയതു തന്നെ നിലനിര്‍ത്തി കലുങ്കുകള്‍ മാത്രം പുതുക്കി പണിയുന്നു. കലുങ്ക് നിര്‍മാണം തന്നെ റോഡിന്റെ ഒരു വശത്തുള്ളത് പുതുക്കി പണിയുകയും മറുവശത്തുള്ളത് പഴയ പടി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കുരുവാടികുളത്തിന് സമീപത്തുള്ള ഒരു ഓവുപാലം ഒരു മാറ്റവും കൂടാതെ അതെ പടി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. റോഡ് വീതി കൂട്ടി വരുന്നത് ഈ ഭാഗത്തു എത്തുമ്പോള്‍ ഒരു മീറ്ററിലധികം ചുരുങ്ങും. സ്വകാര്യ ഭൂമിയുടെ ഉടമസ്ഥര്‍ റോഡരികില്‍ ഉള്ള പാടം തൂര്‍ത്തു കരഭൂമിയാക്കിയപ്പോള്‍ ഓവുചാലുകള്‍ മണ്ണിട്ട് മൂടിയത് കാരണം ഈ ഭാഗങ്ങളില്‍ മഴക്കാലത്തു റോഡിലൂടെയാണ് വെള്ളം കുത്തിയൊലിച്ചു പോകുന്നത്.
ആറര കോടി ചിലവഴിച്ചു കൊണ്ട് റോഡ് പുനര്‍നിര്‍മിക്കുമ്പോള്‍ ഏറെ കാലപ്പഴക്കമുള്ള ഓവ് പാലങ്ങളും കലുങ്കുകളും അതെ പടി നിലനിര്‍ത്തുന്നത് അപകടകരമാണ്. വീതികൂട്ടുന്ന കാര്യത്തിലും ചില പാകപ്പിഴകള്‍ പലയിടങ്ങളിലും കാണുന്നുണ്ട്. നിലവിലെ ഇലക്ട്രിക് പോസ്റ്റുകള്‍ വീതികൂട്ടുന്ന റോഡിന്റെ അരികുപറ്റിയാണ് സ്ഥിതിചെയ്യുന്നത്. ഏറെ അപകടങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണ് ഇത്. ബന്ധപ്പെട്ട അധികാരികളും ജന പ്രതിനിധികളും ഈ വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തിക്കൊണ്ടു റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാകപ്പിഴവുകള്‍ ഇല്ലാതെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ പരിശ്രമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."