ഹജ്ജ് കരാര്‍: ലോക രാഷ്ട്രങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് സഊദി
ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവെക്കുന്നതിന് ക്ഷമയോടെ കാത്തിരിക്കണമെന്നും ധൃതി പിടിച്ച് കരാറുകള്‍ ഒപ്പുവെക്കരുതെന്നും ലോക രാജ്യങ്ങളോട് സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ ആവശ്യപ്പെട്ടു.
അതേ സമയം ഈ വര്‍ഷത്തെ ഹജ്ജില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എക്കാലവും ഹാജിമാരെയും ഉംറക്കാരെയും സേവിക്കാന്‍ സഊദി അറേബ്യ തയാറാണ്. എന്നാല്‍ ലോകം ഒരു പകര്‍ച്ച വ്യാധിയുടെ പിടിയിലാണെന്ന കാര്യം മറക്കരുത്. മക്കയില്‍ പ്രമുഖ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഹജ്ജ് നിര്‍ത്തി വച്ചെന്ന് ചില തെറ്റായ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ജൂലൈ അവസാന വാരത്തിലാണ് ഹജ്ജ് നടക്കുക.
അതേ സമയം ഉംറക്ക് ബുക്ക് ചെയ്ത് വിസകള്‍ നേടി പുണ്യഭൂമിയിലേക്ക് വരാന്‍ സാധിക്കാത്ത എല്ലാവരുടെയും പണം തിരിച്ചുനല്‍കിയിട്ടുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത 1,200 വിദേശ ഉംറ തീര്‍ഥാടകരെ സഊദി പരിചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാന സര്‍വിസ് തുടങ്ങുന്ന മുറക്ക് ഇവരെ തിരിച്ചയക്കുമെന്നും അദ്ദേഹം അറിയിച്ചു. സഊദിയില്‍ കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ വൈറസ് ഭീതിയെത്തുടര്‍ന്ന് ഉംറ തീര്‍ഥാടനം നിര്‍ത്തിവച്ചിരുന്നു. മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും വിലക്കിയിരുന്നു. രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ഹജ്ജ് സംബന്ധിച്ചുള്ള ആശങ്ക മന്ത്രാലയം പങ്കുവച്ചത്.
അതേ സമയം അടുത്ത കാലത്തൊന്നും ഹജ്ജ് തീര്‍ഥാടനം റദ്ദാക്കിയ അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍, എബോള പോലുള്ള പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് തീര്‍ഥാടകരുടെ എണ്ണം കുറച്ചിരുന്നു. മുന്‍പും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടത് പലപ്പോഴും ഹജ്ജ് വേളകളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അടുത്ത കാലത്ത് മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രവും(മെര്‍സ്) സഊദി അറേബ്യയില്‍ ഭീഷണി സൃഷ്ടിച്ചിരുന്നു. എന്നാല്‍, 2012ലും 2013ലും ആരോഗ്യ രംഗത്ത് സഊദി കൂടുതല്‍ ശ്രദ്ധപതിപ്പിച്ചതിന് ശേഷം പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."