ആഴക്കടലിലെ ഇഫ്താര്‍ പാര്‍ട്ടികള്‍
ആഴക്കടലിലെ നോമ്പുതുറയുടെയും അത്താഴത്തിന്റെയും നോമ്പുകാലമാണ് പരപ്പനങ്ങാടിയിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്കു പറയാനുള്ളത്. ബോട്ട് യാനങ്ങള്‍ക്കു പുറമേ, പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 'ഒഴുക്കല്‍' ചെറുവള്ളങ്ങളാണ് രാത്രിയില്‍ അന്നംതേടി കടലിലറങ്ങുന്നത്.
രണ്ടോ മൂന്നോ തൊഴിലാളികളാണ് ഒഴുക്കല്‍ വള്ളങ്ങളിലുണ്ടാകുക. ളുഹ്ര്‍ നിസ്‌കാരം കഴിഞ്ഞാണ് പുറപ്പടുക. നോമ്പുതുറ വിഭവങ്ങള്‍, മുത്താഴം, അത്താഴം എന്നിവയ്ക്കാവശ്യമായ മസാലക്കൂട്ടുകളും പാകം ചെയ്യാന്‍ സ്റ്റൗ ഉള്‍പ്പെടെയുള്ളവയും കൂടെ കരുതും.
സൂര്യാസ്തമയത്തിന്റെ നേര്‍ക്കാഴ്ചയില്‍ നോമ്പുതുറക്കാനുള്ള സമയം തൊട്ടറിയുമെന്ന് ഇവര്‍ പറയുന്നു. പിന്നെ ഒന്നിച്ചിരുന്നു പ്രാഥമിക നോമ്പുതുറ. അതുകഴിഞ്ഞു നിസ്‌കാരം. ഓരോ സമയത്തെയും നിസ്‌കാരങ്ങളെല്ലാം ഇവിടെവച്ചു നിര്‍വഹിക്കും. നോമ്പുതുറയും മഗ്‌രിബ് നിസ്‌കാരവും കഴിഞ്ഞു വലയിളക്കും. പിന്നെയാണ് വിശാലമായ നോമ്പുതുറ. ഇതിനിടയ്ക്കു ചൂണ്ടയെറിഞ്ഞു മീന്‍പിടിത്തവുമുണ്ട്. പിടയ്ക്കുന്ന മത്സ്യം അടുപ്പത്തു വയ്ക്കും. ഇനി നിസ്‌കാരത്തിനുള്ള ഒരുക്കമാണ്. ഇശാഉം തറാവീഹും നിസ്‌കരിക്കും.
മുത്താഴം കഴിച്ച് കടലിലെ ആഴപ്പാട് (മത്സ്യം കിട്ടാനുള്ള സാധ്യത) നോക്കിയും പറഞ്ഞും ഒഴുക്കല്‍ വള്ളത്തിലെ ഒന്നോ രണ്ടോ പേര്‍ ഉറക്കിലേക്കു വഴുതും. ഒരാളുടെ കണ്ണ് കടല്‍ നിരീക്ഷണത്തിലായിരിക്കും. മൊബൈലില്‍ അലാറാംവച്ചാണ് തൊഴിലാളിയുടെ ഉറക്കം. അത്താഴവും സുബ്ഹി നിസ്‌കാരവും കഴിഞ്ഞു ലഭ്യമായ മത്സ്യങ്ങളുമായുള്ള തിരിച്ചുവരവിന്റെ ഒരുക്കമാണ്. രാത്രിയുടെ കൂരിരുട്ടും പ്രതികൂല കാലാവസ്ഥയുടെ കാറ്റും കോളും അതിജീവിച്ച് കടലില്‍ അന്തിയുറങ്ങി അന്നം തേടിയിറങ്ങുന്ന ഈ സാഹസിക മത്സ്യബന്ധന രീതി ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമേ നിലവിലുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."