ഇരുമ്പുരുക്ക് കമ്പനി പൂട്ടണമെന്ന്
കഞ്ചിക്കോട്: ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയിലുണ്ടായപൊട്ടിത്തെറിയില്‍ മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ ഇരുമ്പുരുക്ക് കമ്പനി അടച്ചു പൂട്ടണമെന്ന് നാട്ടുകാര്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനിക്കെതിരേ നാട്ടുകാര്‍ സമരത്തിലാണ്.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഉത്തരവിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം തല്‍കാലം നിര്‍ത്തിവച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ കമ്പനി പ്രവര്‍ത്തനം നടത്തരുതെന്നും നിര്‍ദേശം നല്‍കി.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രചരിക്കുന്നതു പോലെ അപകടം കമ്പനിക്കുള്ളില്‍ ഉണ്ടായിട്ടില്ലെന്നും കമ്പനി അധികൃതര്‍ വിശദീകരണം നല്‍കി. കമ്പനിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളും പൊലിസിനും ഇവര്‍ കൈമാറിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ലീഡിങ് ഫയര്‍മാന്‍ ബെന്നി കെ. ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേന കമ്പനിക്ക് അകത്തു പരിശോധന നടത്തി.
വലിയൊരു പൊട്ടിത്തെറിയുണ്ടായിട്ടില്ലെന്നും അഗ്‌നിശമനസേന അധികൃതരും അറിയിച്ചു. പരുക്കേറ്റ ജീവനക്കാരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായി പ്രവേശിപ്പിച്ചെന്നു വിവരമുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.
ഇന്നലെ പുലര്‍ച്ച അഞ്ചരയോടെയാണ് ഇരുമ്പുരുക്കുന്ന ഫര്‍ണസിലെ കോയല്‍ പൊട്ടിയത്. മൂന്നു തവണ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഇരുമ്പുപാളികള്‍ കമ്പനിയ്ക്കു പുറത്തേക്കും തെറിച്ചെന്നും പരിസരവാസികള്‍ ആരോപിക്കുന്നുണ്ട്.
സമീപ പ്രദേശത്തെ വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തെറിച്ചുപോയെന്നും പറയുന്നുണ്ട്. ജില്ലാ പൊലിസ് മേധാവി പ്രദീഷ്‌കുമാര്‍, എ.എസ്.പി ജി. പൂങ്കുഴലി, കസബ സി.ഐ ആര്‍. ഹരിപ്രസാദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ എന്‍.ജെ. മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്തും കമ്പനിക്കുള്ളിലും പരിശോധന നടത്തി.
ഫര്‍ണസിലെ തകരാറുമൂലം കോയിലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് നിഗമനം. കമ്പനിക്കു ചുറ്റിലും പരിസരത്തുമായി രണ്ടായിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."