വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ കൊണ്ടുവന്ന ആഡംബര വാഹനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ മന്ദീഭവിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നടപടികള്‍ക്ക് തീരുമാനം.
പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിഴയൊടുക്കി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇടത് സര്‍ക്കാര്‍ ബജറ്റില്‍തന്നെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് അവസരം നല്‍കിയിരുന്നു.
എന്നാല്‍ ഇതില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. അതുകൊണ്ടുതന്നെ മറ്റൊരു അവസരം കൊടുക്കാതെ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. വ്യാജ വിലാസത്തില്‍ കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടാകരുതെന്നും ആ വീഴ്ചകൊണ്ട് വാഹനം വിട്ടുകൊടുക്കേണ്ട അവസ്ഥ വരരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോടതികളില്‍ ഇപ്പോഴുള്ള കേസുകളുടെ കാര്യത്തിലും വിട്ടുവീഴ്ച വേണ്ടന്നാണ് സര്‍ക്കാര്‍ നിലപാട്. വ്യാജ വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയതിനു നിരവധി പ്രമുഖര്‍ക്കെതിരേ കേസുണ്ട്. ഇത്തരത്തില്‍ കേസുകള്‍ വന്നപ്പോള്‍ കുറച്ചുപേരെങ്കിലും പിഴയടച്ച് വാഹന രജിസ്‌ട്രേഷന്‍ കേരളത്തിലാക്കിയിരുന്നു.
എന്നാല്‍ ഇതില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിന്നോട്ടുപോയതോടെ എല്ലാം നിലച്ചു. സമൂഹത്തിലെ വമ്പന്‍മാരാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നത് എന്നതിനാല്‍തന്നെ ശക്തമായി മുന്നോട്ടുപോകാനാകുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നിയമ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ ഇനിയുള്ള നൂറുകണക്കിന് വാഹനങ്ങളെ പിടികൂടാനാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വ്യാജ രജിസ്‌ട്രേഷനുള്ള വാഹനങ്ങളെല്ലാം കൂടി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായാല്‍ സര്‍ക്കാര്‍ ഖജനാവില്‍ 200 കോടിയിലധികം രൂപയെങ്കിലും വരുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."