തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തികളില്‍ സ്വകാര്യ കൈയേറ്റം
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയുള്‍പ്പടെയുള്ള വസ്തുക്കള്‍ വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നതായി കണ്ടെത്തി. നിയമം പാലിക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ വസ്തുവകകള്‍ അന്യാധീനപ്പെട്ടുപോവുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു പരിശോധനയില്‍ കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളുടെ വസ്തുക്കള്‍ അളന്ന് തിട്ടപ്പെടുത്താനും പദ്ധതി പ്രവൃത്തികള്‍ പഞ്ചായത്തുകളുടെ പേരിലാണെന്ന് പരിശോധിക്കാനും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നുള്ള പരിശോധനയില്‍ കൈയേറ്റം കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കും.
ദേശീയപാത, ജില്ലാ റോഡ് ഒഴികെയുള്ള എല്ലാ റോഡുകളും, പൊതു ജലസ്രോതസ്സുകള്‍, അവയോട് ചേര്‍ന്നുള്ള ഭൂമി, കന്നുകാലി മേച്ചില്‍ സ്ഥലം, ശ്മശാനം, വണ്ടിത്താവളം തുടങ്ങിയവയെല്ലാം ഗ്രാമപഞ്ചായത്തുകളുടെ അധീനതയില്‍ പെടുന്നതാണ്. എന്നാല്‍ പഞ്ചായത്ത് പൊതുജനങ്ങള്‍ക്ക് സേവനമായി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നല്‍കുന്ന കെട്ടിടങ്ങള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍, ഭൂസ്വത്തുക്കള്‍ തുടങ്ങിയവ ബാധ്യതപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അധികാരമില്ല. ആയതിനാല്‍ ഇവ മുഴുവന്‍ പഞ്ചായത്തുകളുടേതായി മാറ്റണം. പഞ്ചായത്ത് അധീനതയിലുള്ള തോട് പുറമ്പോക്കുകളാണ് വ്യാപകമായി കൈയേറുന്നത്. ഭൂമി കൈയേറ്റം കണ്ടെത്തുന്ന സാഹചര്യത്തില്‍ കൈയേറിയ കാലം മുതലുള്ള പിഴ വ്യക്തികളില്‍ നിന്ന് ഈടാക്കുകയും വകുപ്പ് നടപടികള്‍ സ്വീകരിക്കുകയും വേണം. ആസ്തി സംരക്ഷിക്കാത്ത പഞ്ചായത്തുകള്‍ക്കെതിരേയാണ് നടപടി കൈക്കൊള്ളുക. ഇതിന് മുന്നോടിയായാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."