കെവിന്റെ കൊലപാതകം പുനരാവിഷ്‌കരിച്ച് അന്വേഷണസംഘം
കോട്ടയം: കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് അന്വേഷണസംഘം. പ്രതികളുമായി കൃത്യംനടന്ന സ്ഥലങ്ങളിലെത്തിയാണ് സംഭവം പുനരാവിഷ്‌കരിച്ചത്.
കേസിന് ബലമേകുന്ന തെളിവുകള്‍ക്കുവേണ്ടിയാണ് ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം പ്രതികളുമായി സഞ്ചരിച്ചത്.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.
എന്നാല്‍, സാനുവിന്റെ കാറില്‍ നിന്ന് കെവിന്‍ രക്ഷപ്പെട്ടതിനുശേഷമുണ്ടായ സംഭവങ്ങളെ സംബന്ധിച്ച് പൊലിസിന് വ്യക്തതയില്ല. കെവിന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയപ്പോള്‍ വെള്ളത്തില്‍ വീണതാണോ അതോ പ്രതികള്‍ മുക്കിക്കൊന്നതാണോയെന്നാണ് വ്യക്തമാകേണ്ടത്. അതിനായാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി കൊലയിലേക്ക് നയിച്ച സംഭവങ്ങള്‍ പൊലിസ് പുനരാവിഷ്‌കരിച്ചത്.
മാധ്യമങ്ങളെ അറിയിക്കാതെ അതീവരഹസ്യമായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍. ശനിയാഴ്ച രാത്രി ഒന്നരയോടെ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കെവിനെ തട്ടിക്കൊണ്ടുപോയ മാന്നാനത്തെ അനീഷിന്റെ വസതിയിലാണ് ആദ്യമായെത്തിയത്. തുടര്‍ന്ന് പ്രദേശത്തെ രാത്രിയിലെ സാഹചര്യങ്ങള്‍ മനസിലാക്കി. കൃത്യം നടന്ന സ്ഥലത്തെ വെളിച്ചവിന്യാസം അടക്കമുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു.
പിന്നീട് പ്രതികളുമായി സംഘം നേരെ പോയത് കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയേക്കര ഭാഗത്തേക്കാണ്.
കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം പുനരാവിഷ്‌കരിച്ചതെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."