മുഴുവന്‍ സ്റ്റേഷനുകളുടെയും ചുമതല സി.ഐമാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന് ശുപാര്‍ശ. എ.ഡി.ജി.പി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് കൈമാറണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. സംസ്ഥാനത്ത് നിലവില്‍ 207 പൊലിസ് സ്റ്റേഷനുകളുടെ ചുമതലയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. അവശേഷിക്കുന്ന 268 പൊലിസ് സ്റ്റേഷനുകളുടെ ചുമതലകൂടി സി.ഐമാര്‍ക്ക് നല്‍കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
പൊലിസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കേസ് അന്വേഷണവും വിഭജിച്ചു നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് 2017 നവംമ്പര്‍ ഒന്നു മുതല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പൊലിസ് സ്റ്റേഷന്‍ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഒരു സി.ഐക്ക് ഒന്നിലധികം സ്റ്റേഷനുകളുടെ ചുമതലയുണ്ട്. സി.ഐമാര്‍ എസ്.എച്ച്.ഒ ആകുന്നതോടെ ഒരു സ്റ്റേഷന്റെ മാത്രം പൂര്‍ണ ചുമതലയിലേക്കു മാറും.
സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളുടെയും ഭരണ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരിലേക്ക് എത്തുന്നതോടെ ഓരോ സി.ഐക്ക് കീഴിലും കുറഞ്ഞത് മൂന്ന് എസ്.ഐമാരുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."