ഡി.എസ്.പിയുടെ മരണം: അന്വേഷണം സി.ബി.ഐക്ക്
ചെന്നൈ: തമിഴ്‌നാട് തിരുച്ചെങ്കോട് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായ വിഷ്ണുപ്രിയ മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറി. സംസ്ഥാന പൊലിസിലെ സി.ബി-സി.ഐ.ഡി വിഭാഗമാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമായ രീതിയില്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് സി.ബി.ഐക്ക് അന്വേഷണം കൈമാറാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
വിഷ്ണുപ്രിയയുടെ പിതാവ് എം.രവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എച്ച്.ജി.രമേശും എം.വി. മുരളീധരനുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്.
നാമക്കല്‍ ജില്ലയിലെ തിരുച്ചങ്കോട് ഡി.എസ്.പിയായിരുന്ന വിഷ്ണുപ്രിയയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു സംഭവം. തുടക്കത്തില്‍ സംസ്ഥാന പൊലിസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി-സി.ഐ.ഡിക്കു കൈമാറി. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തില്‍ നാമക്കല്‍ പൊലിസ് സൂപ്രണ്ട് അന്യായമായി ഇടപെടുകയാണെന്നും അതുകൊണ്ടാണ് കേസ് എവിടെയുമെത്താത്തതെന്നുമാരോപിച്ചാണ് വിഷ്ണുപ്രിയയുടെ പിതാവ് കോടതിയെ സമീപിച്ചത്. നേരത്തെ സിംഗിള്‍ ബെഞ്ച് നിരസിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."