മനുഷ്യനെ മനുഷ്യനാക്കുന്ന പരിശീലനക്കളരി
സര്‍വശക്തനായ അല്ലാഹുവിന് മനുഷ്യനുള്‍പ്പെടെ കോടാനുകോടി സൃഷ്ടികളുണ്ട്. ഇവകളെല്ലാം തന്നെ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണുള്ളത്. സൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠമായി അല്ലാഹു സൃഷ്ടിച്ചത് മനുഷ്യനെയാണ്. മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തിലും പ്രകൃതിയിലും സ്വഭാവത്തിലും സൃഷ്ടിച്ചുവെന്ന് അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ ഭൂമിയില്‍ നടപ്പാക്കേണ്ടവനാണ് മനുഷ്യന്‍. ഭൂമിയുടെ അധികാരം അല്ലാഹു മനുഷ്യര്‍ക്കാണ് നല്‍കിയത്. മലക്കുകള്‍ക്കും ജിന്നുകള്‍ക്കും പിശാചുകള്‍ക്കുമൊന്നും ഭൂമിയില്‍ പ്രത്യേകിച്ച് ഭരണമോ നിയമമോ നിയന്ത്രണമോ ഒന്നുമില്ല.
മനുഷ്യന്‍ ഭൂമിയിലെ 'ഖലീഫ'യായത് കൊണ്ട്തന്നെ അല്ലാഹു മനുഷ്യനോട് പിശാചിന്റെ പൈശാചിക സ്വഭാവങ്ങളും മൃഗങ്ങളുടെ മൃഗീയ സ്വഭാവങ്ങളും ഒഴിവാക്കി, പൂര്‍ണമായ ആത്മീയ സല്‍സ്വഭാവങ്ങളിലൂടെ ജീവിക്കുവാന്‍ നിര്‍ദേശിച്ചു. മനുഷ്യന്റെ ആത്മീയ സ്വഭാവങ്ങള്‍ നിലനില്‍ക്കുന്നതിനും അവകള്‍ പരിപോഷിക്കുന്നതിനും ആവശ്യമായ പല നിയമനിര്‍ദേശങ്ങളും നല്‍കി. ഹൃദയത്തിന്റെ ആത്മീയത നിലനിര്‍ത്താന്‍ ഈമാന്‍. കര്‍മരംഗത്തെ അപാകതകള്‍ കാത്തു സൂക്ഷിക്കുവാന്‍ ആരാധനകള്‍. അങ്ങനെ എല്ലാ നിലയിലും അല്ലാഹു മനുഷ്യനെ ആത്മീയ ചൈതന്യമുള്ള സൃഷ്ടിയായി വളര്‍ത്തുന്നു. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അഞ്ച് കാര്യങ്ങള്‍ ഓരോന്നും എത്ര ഉന്നതമാണെന്നും അവകള്‍ ഓരോന്നും മനുഷ്യനെ ഏത് അവസ്ഥയിലെത്തിക്കുന്നുവെന്നും നമുക്ക് ആലോചിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.
പരിശുദ്ധ റമദാന്‍ അത്തരം ഒരു ദൗത്യമാണ് മനുഷ്യനില്‍ പൂര്‍ത്തീകരിക്കുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല നോമ്പ്. നോമ്പനുഷ്ഠിക്കുന്നവന്‍ അവന്റെ വൈകാരിക സ്വഭാവങ്ങളെ നിയന്ത്രിക്കേണ്ടവനാണ്. അല്ലാഹുവിന്റെ ഖലീഫയായ മനുഷ്യന്‍, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുതകുന്ന സ്വഭാവം പരിശീലിക്കലാണ് നോമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. മനുഷ്യന് നന്നാകുകയാണെങ്കില്‍ മലക്കുകളേക്കാള്‍ ഉത്തമന്‍ ആകും.ചീത്തയാകുകയാണെങ്കില്‍ മൃഗത്തേക്കാള്‍ ചീത്തയാകും. മലക്കുകളുടെ നേതാവായ ജിബ്്‌രീല്‍ (അ)ന് പോലും പ്രവേശനാനുമതി നിഷേധിച്ച സ്ഥലത്തേക്ക് മുഹമ്മദ് റസൂലുല്ലാഹ് (സ്വ) മിഅ്‌റാജിന്റെ രാത്രി പ്രവേശിച്ച സംഭവം നമുക്ക് പഠിപ്പിക്കുന്നത് അതാണ്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമര്‍ തിരുദൂതര്‍ (സ്വ) ആണല്ലോ.
മനുഷ്യന്‍ അധപതിക്കുകയാണെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുമെന്ന് ഖുര്‍ആന്‍ നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്. പൈശാചികമായ അധമ വികാരങ്ങളില്‍ നിന്നും മനുഷ്യനെ മുക്തനാക്കി ഉന്നതമായ ആത്മീയ മൂല്യങ്ങളിലേക്ക് കൊണ്ട് പോകുകയാണ് നോമ്പ് ചെയ്യുന്നത്. ഒരുമാസക്കാലത്തെ നിരന്തര പരിശീലനത്തിലൂടെ നാം നേടിയെടുക്കുന്നത് അതാണ്. ആ ആത്മീയ ചെതന്യം കെടാതെ സൂക്ഷിക്കാന്‍ ഇനിയുള്ള നാളുകളില്‍ നാം ശ്രമിക്കണം. നാഥന്‍ തുണക്കട്ടെ, ആമീന്‍
(ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ
പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."