ഇമാം റാസി(റ): ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ അഗ്രേസരന്‍
'നാഥാ! എന്റെ പരിമിതമായ ജ്ഞാന മനുസരിച്ച് സത്യം പുറത്ത് കൊണ്ടു വരാന്‍ ഉദ്ദേശിച്ച് മാത്രമാണ് ഞാന്‍ ഗ്രന്ഥ രചന നടത്തിയത്. നാഥാ! സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും എന്റ അറിവ് അനുസരിച്ച് ഞാന്‍ സമര്‍ഥിച്ചു. സത്യമായ ആശയത്തെ അസത്യമായും അസത്യമായ ആശയത്തെ സത്യമായും ഞാന്‍ മനഃപൂര്‍വം സമര്‍ഥിച്ചിട്ടില്ല. അസത്യമായ വല്ലതും ഞാന്‍ സത്യമായി സമര്‍ഥിച്ച് എഴുതിയിട്ടുണ്ടെങ്കില്‍ നീ ഉദ്ദേശിക്കുന്ന ശിക്ഷ കൊണ്ട് റാസിയെ ശിക്ഷിക്കുക. എന്റെ വിവരക്കേട്, അശ്രദ്ധ, മറവി ഇവ കാരണം സത്യത്തെ അസത്യമായി സമര്‍ഥിച്ച് പോയിട്ടുണ്ടെങ്കില്‍ ഈ റാസിയെ ഒരിക്കലും നീ ശിക്ഷിക്കരുതേ. കരുണ ചൊരിയണേ. പൊറുത്ത് തരണേ. നാഥാ നിന്റെ റഹ്മത്ത് മാത്രമാണ് എനിക്ക് അഭയം!'. ഈ പ്രാര്‍ഥന ജീവിതത്തിലെ അവസാനത്തെ വികാര നിര്‍ഭരമായ പ്രാര്‍ഥനയാക്കി മാറ്റിയ മഹാ മനീഷിയായിരുന്നു ഇമാം റാസി (റ).
വിജ്ഞാന മണ്ഡലത്തിലെ മഹാ വിസ്‌ഫോടനമായിരുന്നു ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ). ഇമാം റാസി സ്പര്‍ശിക്കാത്ത വിജ്ഞാന ശാഖ അക്കാലത്തുണ്ടായിരുന്നില്ല. വിജ്ഞാന ലോകത്തെ അതുല്ല്യ പ്രതിഭയായിരുന്നു അദ്ദേഹം. ആറാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ആയിട്ടാണ് ചരിത്രം വിഷേശിപ്പിച്ചത്. വിജ്ഞാന സമ്പാദ്യവും പ്രചാരണവും അവിടുത്തെ ജീവിതത്തെ ധന്യമാക്കി.
ഹിജ്‌റ 543 റമദാന്‍ 25 നാണ് റാസിയുടെ ജനനം. അല്‍ അല്ലാമാ ഫഖ്‌റുദ്ദീന്‍ റാസി അബൂ അബ്ദുല്ലാഹിബ്‌നു ഹുസൈനുല്‍ ഖുറശിയ്യ് ഇതാണ് റാസിയുടെ പൂര്‍ണ നാമം. ഫഖ്‌റുദ്ദീന്‍ റാസി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ഇറാനിലെ തെഹ്‌റാനില്‍ നിന്ന് അധികം അകലെയല്ലാതെ റയ്യ് എന്ന പട്ടണത്തിലാണ് ജനനം. റാസി എന്നത് റയ്യിന്റെ പേര്‍ഷ്യന്‍ പേരാണ്. അന്ന് പേര്‍ഷ്യയില്‍ പേരു കേട്ട അതിപുരാതന നഗരമാണ് റയ്യ് എന്ന റാസി. ആദ്യമായി പഠനം ആരംഭിച്ചത് സ്വന്തം പിതാവ് ഇമാം ളിയാഉദ്ദീനില്‍ നിന്നാണ്. പിതാവിന്റെ മരണം വരെയും ഗുരുനാഥന്‍ പിതാവ് തന്നെയായിരുന്നു.
ചെറുപ്പകാലത്ത് ഫിഖ്ഹില്‍ പ്രത്യേക താല്‍പര്യമായിരുന്നു. ഖുര്‍ആന്‍, ഹദീസ്, തത്വജ്ഞാനം, തര്‍ക്ക ശാസ്ത്രം, വൈദ്യ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, ഭാഷ, കവിത, സാഹിത്യം, തസവ്വുഫ്, ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ എല്ലാ വിജ്ഞാന ശാഖയും അദ്ദേഹം സ്വായത്വമാക്കി. അദ്ദേഹത്തിന്റെ കരം സ്പര്‍ശിക്കാത്ത യാതൊരു വിജ്ഞാന ശാഖയും അക്കാലത്തുണ്ടായിരുന്നില്ല. 'മഫാതീഹുല്‍ ഗൈബ് തഫ്‌സീറുല്‍ കബീര്‍' എന്ന വിശ്രുത ഗ്രന്ഥമാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടി കൊടുത്തത്.
30 ഓളം വാള്യങ്ങളുള്ള പ്രസ്തുത തഫ്‌സീര്‍ ഗ്രന്ഥം ഇന്ന് സുലഭമാണ്. കേരളത്തിലെ മിക്ക ദര്‍സുകളിലും പ്രസ്തുത തഫ്‌സീര്‍ പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ആശയങ്ങളും തത്വങ്ങളും ലളിത സുന്ദരമായ ശൈലിയില്‍ തഫ്‌സീര്‍ വിവരിക്കുന്നു. ചില അധ്യായങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനം ഈ നൂറ്റാണ്ടിലെ ശാസ്ത്രീയ സത്യങ്ങളുമായി പൊരുത്ത പെടുന്നതാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. എല്ലാ വിജ്ഞാന ശാഖകളും ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. എല്ലാ വിജ്ഞാന ശാഖയിലും ധാരാളം ഗ്രന്ഥങ്ങല്‍ രചിച്ചിട്ടുണ്ട്.
പ്രസംഗത്തിലും എഴുത്തിലും ഒരുപോലെ കഴിവ് കൊണ്ട് അനുഗ്രഹീതനാണ് ഇമാം റാസി. അസാധാരണ പ്രസംഗ വൈഭവത്താല്‍ അദ്ദേഹത്തിന്റെ പ്രസംഗ സദസ്സില്‍ നിന്നും കൂട്ടക്കരച്ചിലും നിലവിളിയും ഉയര്‍ന്നിരുന്നു.
വിജ്ഞാന സമ്പാദനത്തിനും പ്രചാരണത്തിനും പല നാടുകളിലും അദ്ദേഹം സഞ്ചരിച്ചു. ദീനി പ്രചാരണ രംഗത്ത് എതിര്‍പ്പുകളുടെ കൂരമ്പുകള്‍ മഹാനുഭാവന് തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. പഠനത്തിനും പ്രബോധനത്തിനും ശേഷം റയ്യിലേക്ക് തന്നെ തിരിച്ചു വന്നു. അവിടെ വച്ചായിരുന്നു പിന്നീട് വിജ്ഞാന പ്രചാരണം.
തന്റെ ജീവിത കാലത്തെ ഏറ്റവും വലിയ ബിദഈ പ്രസ്ഥാനമായ മുഅ്തസിലിയ്യത്തിന്റെ പിഴച്ച വിശ്വാസ പ്രമാണങ്ങള്‍ തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ ഖണ്ഡിച്ചത് തഫ്‌സീറില്‍ ഉടനീളം കാണാം. ബിദ്അത്തുകാരെ നിലക്ക് നിര്‍ത്താന്‍ ആ മഹാ പ്രതിഭക്ക് സാധിച്ചു.
കര്‍മ്മ പരമായ കാര്യങ്ങളില്‍ റാസി അനുകരിച്ചത് ശാഫിഈ മദ്ഹബിനെയാണ്. ഖുര്‍ആനിലും ഹദീസിലും അവഗാഹം നേടിയിട്ടും ഫിഖ്ഹില്‍ ശാഫിഈ(റ)വിന്റെ അഭിപ്രായം സ്വീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
ഹിജ്‌റ 606ല്‍ ശവ്വാല്‍ ഒന്നിന് തിങ്കളാഴ്ച റാസി (റ)വഫാത്തായി. ഹറാത്ത് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഖബ്‌റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."