മുന്നറിയിപ്പില്ലാതെ കോഴിക്കോട്ട് പരീക്ഷ നിര്‍ത്തി
വടകര: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ട മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പരീക്ഷ കോഴിക്കോട്ട് മാത്രം നടത്താതിരുന്നതിനാല്‍ പരീക്ഷാര്‍ഥികള്‍ ആശങ്കയില്‍. ഇന്നലെ കോഴിക്കോട് കേന്ദ്രത്തില്‍ നടത്താനിരുന്ന പി.ജി പരീക്ഷയാണ് കലക്ടറുടെ ഉത്തരവ് കാരണം മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചത്. കോഴിക്കോട് ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം പരീക്ഷ നടന്നു. കോഴിക്കോട് കേന്ദ്രത്തില്‍ മാത്രം 1300ലേറെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ 26ന് തുടങ്ങിയ പരീക്ഷയില്‍ മൂന്ന് എണ്ണം നടന്നുകഴിഞ്ഞു. ഇന്നലെ കോഴിക്കോടെ പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴാണ് പരീക്ഷ നടത്തുന്നില്ലെന്ന കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. കലക്ടറുടെ ഉത്തരവ് ലംഘിച്ചാല്‍ പ്രശ്‌നമാകുമെന്ന് കണ്ടാണ് ഇന്നലെ പരീക്ഷ നടത്താതിരുന്നതെന്ന് കോഴിക്കോട്ടെ കോഴ്‌സ് നടത്തിപ്പുകാരായ വടകര ആസ്ഥാനമായ മലബാര്‍ കോളജ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും ഇക്കാര്യം യൂനിവേഴ്‌സിറ്റി അധികൃതരെ അറിയിക്കാതെ, മലബാര്‍ കോളജ് അധികൃതര്‍ മറ്റു പരീക്ഷകള്‍ നടത്തിയിരുന്നു.
അതിനിടെ എറണാകുളത്തോ ചെന്നൈയിലോ പോയി ഇന്ന് പത്തുമണിക്ക് ഓണ്‍ലൈന്‍ പരീക്ഷയെഴുതാമെന്ന ന്യായമാണ് പരീക്ഷാര്‍ഥികളോട് ഇവര്‍ പറഞ്ഞത്. ഇതോടെ പരീക്ഷയെഴുതാനെത്തിയവര്‍ ബഹളംകൂട്ടി. ഒരുകാരണവശാലും പരീക്ഷ മാറ്റിവെക്കാന്‍ കഴിയില്ലെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വിവരങ്ങള്‍ യഥാസമയം യൂനിവേഴ്‌സിറ്റിയെ അറിയിക്കാത്ത കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയായിരുന്നുവെന്നാണ് ആരോപണം.
ഇന്നലെ പരീക്ഷ മുടങ്ങിയ കുട്ടികള്‍ക്ക് അടുത്ത ഡിസംബറില്‍ പരീക്ഷയെഴുതാമെന്നാണ് കോളജുകാര്‍ പറയുന്ന ന്യായം. എന്നാല്‍ അന്നും പരീക്ഷാഫീസ് അടക്കണം.
അതേസമയം ഈ അധ്യയന വര്‍ഷം ജോലിയും മറ്റും തേടുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ് അധികാരികളുടെ നിരുത്തവാദപരമായ നടപടിമൂലം ഒരു വര്‍ഷമാണ് നഷ്ടപ്പെടുന്നത്. രണ്ടാഴ്ച മുന്‍പ് ഉത്തരവിറങ്ങിയപ്പോള്‍തന്നെ പരീക്ഷാ കേന്ദ്രം മാറ്റിയിരുന്നെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."