മകളെ വൈദികന് തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതി; ജോലി അന്വേഷിച്ച് പോയതെന്ന് മകള്‍
കൊച്ചി: മകളെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ വൈദികന് തട്ടിക്കൊണ്ടുപോയെന്ന് പിതാവിന്റെ പരാതി. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ജോലി അന്വേഷിച്ച് പോയതാണെന്നും തിരികെയെത്തിയ മകള്‍ മജിസ്ട്രേറ്റിനു മുന്‍പാകെ മൊഴി നല്കി.
പെരുമ്പിള്ളി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലെ അധ്യാപികയായ 35 വയസുകാരിയായ മകളെ കാണാനില്ലെന്ന് പറഞ്ഞ് ഞാറയ്ക്കല്‍ പൊലിസ് സ്റ്റേഷനില്‍ എളങ്കുന്നപ്പുഴ സ്വദേശിയായ പിതാവാണ് 28ന് വൈകുന്നേരം പരാതി നല്‍കിയത്.
രാവിലെ സ്കൂളിലേക്ക് പോയ മകള്‍ സ്കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ലെന്നും മകളെ സ്കൂളിലെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഫാ.ആന്റണി പോള്‍ കീരന്പറമ്പില് തട്ടിക്കൊണ്ടുപോയെന്നുമായിരുന്നു പരാതി. 28ന് രാത്രി മകള്‍ അമ്മയെ വിളിച്ച് താന്‍ ഫാ.ആന്റണി പോളിനൊപ്പം പോകുകയാണെന്നും ഇനി അന്വേഷിച്ചുനടക്കേണ്ടെന്ന് പറഞ്ഞതായും ജോസഫ് പരാതിയില്‍ പറയുന്നുണ്ട്. വൈദികന് മകളുമായി അടുപ്പമുണ്ടായിരുന്നതായി തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും പലതവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും ജോസഫിന്റെ പരാതിയില്‍ പറയുന്നു.
ഞാറയ്ക്കല്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണവും ആരംഭിച്ചു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തിയ മകള്‍ താന്‍ ജോലി അന്വേഷിച്ചു കേരളം വിട്ടുപോകുകയായിരുന്നെന്ന് ഞാറയ്ക്കല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ മൊഴി നല്കി. ഇതോടെ മകളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."