'പ്ലാസ്റ്റിക്തീനി' തിമിംഗലം ഒടുവില്‍ മരണത്തിനു കീഴടങ്ങി
ബാങ്കോക്ക്: ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ 'പ്ലാസ്റ്റിക്തീനി' തിമിംഗലം മരണത്തിനു കീഴടങ്ങി. എട്ട് കിലോ ഭാരമുള്ള 80ഓളം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം തായ്‌ലാന്‍ഡില്‍ ഒരു തിമിംഗലത്തിന്റെ വയറില്‍നിന്ന് കണ്ടെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ സോംഗ്‌ലയിലെ ഒരു കനാലില്‍നിന്നാണ് തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി വരികയായിരുന്നു. നാല് പ്ലാസ്റ്റിക് ബാഗുകള്‍ പുറത്തേക്കു തുപ്പിയ ശേഷമാണ് കഴിഞ്ഞ ദിവസം തിമിംഗലം മരണത്തിനു കീഴടങ്ങിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തിമിംഗലത്തിന്റെ അകത്തുനിന്ന് ബാഗുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെടുത്തത്. പ്ലാസ്റ്റിക് കഴിച്ചതു കാരണം രോഗിയായി തീര്‍ന്ന തിമിംഗലം ഇരയെ കണ്ടെത്താനാകാതെ അവശനിലയിലായിരുന്നുവെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞു. കടലില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഭക്ഷ്യവസ്തുവാണെന്നു കരുതി കഴിച്ചതാകാമെന്ന് ആശുപത്രി മേധാവി ജാറ്റുപോണ്‍ പറഞ്ഞു. നീരാളി, കൂന്തള്‍, ചെറിയ തരം മീനുകള്‍ എന്നിവയെ ഭക്ഷിക്കുന്ന പൈലറ്റ് വെയ്ല്‍ ഇനത്തില്‍പെട്ട തിമിംഗലമാണിത്.
ഓരോ വര്‍ഷവും ലോകത്ത് എട്ട് മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യം കടലില്‍ തള്ളുന്നതായാണു കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."