കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയയിലെത്തിച്ചു
പ്യോങ്‌യാങ്: മലേഷ്യയില്‍ കൊല്ലപ്പെട്ട ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചൈനീസ് അധികൃതരാണ് വിവരം പുറത്തുവിട്ടത്.
നാമിന്റെ മൃതദേഹത്തിനു പുറമെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ അധികൃതര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത മൂന്ന് ഉത്തര കൊറിയന്‍ പൗരന്മാരെയും വിട്ടുനല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്ന് ആവശ്യമുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി മലേഷ്യന്‍ അധികൃതര്‍ പറഞ്ഞു.
ബെയ്ജിങ് വഴിയാണ് ഇവരെ ഉ. കൊറിയയിലെത്തിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.
നേരത്തെ, ഉത്തര കൊറിയയില്‍ തടഞ്ഞിരുന്ന ഒന്‍പത് മലേഷ്യന്‍ പൗരന്മാരെ നാട്ടിലേക്ക് അയച്ചതിനു പകരമായാണ് മലേഷ്യന്‍ സര്‍ക്കാര്‍ നാമിന്റെ മൃതദേഹം വിട്ടുനല്‍കിയത്. ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം നാം കൊല്ലപ്പെട്ടതിനു പിന്നാലെ മലേഷ്യയും ഉ. കൊറിയയും തമ്മില്‍ രൂക്ഷമായ നയതന്ത്ര തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി പരസ്പരം മറ്റു രാജ്യങ്ങളുടെ പൗരന്മാര്‍ പുറത്തുകടക്കുന്നത് ഇരുരാജ്യങ്ങളും തടയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 13നാണ് കിം ജോങ് നാമിനെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും ഏജന്‍സികളും നിരോധിച്ച രാസായുധം ഉപയോഗിച്ചാണ് നാമിനെ കൊലപ്പെടുത്തിയത്. നാമിന്റെ വധത്തില്‍ സഹോദരന്‍ കിം ജോങ് ഉന്നിനെതിരേയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഉന്നിന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."