അസദിനെ പുറത്താക്കല്‍ പരിഗണനയിലില്ലെന്ന് യു.എസ്
ന്യൂയോര്‍ക്ക്: സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കുന്നത് പരിഗണനയിലില്ലെന്ന് അമേരിക്ക. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് നിലപാട് പ്രഖ്യാപിച്ചത്. ഒബാമ ഭരണത്തില്‍ ബശര്‍ അല്‍ അസദിനെതിരായ നിലപാടായിരുന്നു അമേരിക്കക്ക്.
ഭാവിയിലെ സിറിയന്‍ ഭരണസംവിധാനത്തില്‍ അസദിന്റെ പങ്കിനെ കുറിച്ച് ചിന്തിക്കാനാകില്ലെന്ന നിലപാടാണ് സിറിയയിലെ പ്രതിപക്ഷത്തിന്റേത്. എന്നാല്‍ അസദ് സ്വന്തം ജനതയ്ക്കു നേരെ നടത്തിയ ക്രൂരതകള്‍ അംഗീകരിക്കുന്നില്ലെന്ന് നിക്കി പറഞ്ഞു. അസദിന്റെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അപലപിക്കുന്നുവെന്നും നിക്കി വ്യക്തമാക്കി. സിറിയയില്‍ സമാധാനത്തിനാണ് മുന്‍ഗണനയെന്നും അസദിനെ പുറത്താക്കല്‍ മുഖ്യവിഷയമല്ലെന്നും അവര്‍ വിശദീകരിച്ചു. സിറിയയില്‍ രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ സിറിയ, തുര്‍ക്കി രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഹാലെ അറിയിച്ചു.
അസദിന്റെ ഭാവി സിറിയന്‍ ജനത തീരുമാനിക്കും: ടില്ലേഴ്‌സണ്‍
അങ്കാറ: അസദിന്റെ ഭാവി സിറിയന്‍ ജനത തീരുമാനിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവൊസൊഗ്‌ലുവുമായി തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അസദിനെ നിലനിര്‍ത്തുന്ന പ്രശ്‌നപരിഹാരം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ വക്താവ് മോന്‍സര്‍ മഖൂസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."