വെസ്റ്റ് ബാങ്കില്‍ പുതിയ ജൂതകുടിയേറ്റ പദ്ധതിക്ക് ഇസ്റാഈല്‍ അംഗീകാരം
ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പുതിയ നിര്‍മാണ പദ്ധതികള്‍ ഇസ്റാഈല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അവസാനം മേഖലയിലെ നിയമവിരുദ്ധമായ കുടിയേറ്റം ഒഴിയേണ്ടിവന്ന ജൂത കുടുംബങ്ങള്‍ക്കാണ് ഇസ്റാഈല്‍ പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കുന്നത്.
പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവിന്റെ ഓഫിസാണ് പദ്ധതി പുറത്തുവിട്ടത്. കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതിക്ക് ഇസ്റാഈല്‍ സുരക്ഷാ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ നാബ്ലുസിനടുത്തുള്ള ഷിലോ താഴ്വാരത്താണ് പുതിയ ഇസ്റാഈല്‍ കുടിയേറ്റം. 2,000ത്തോളം വീടുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കുടിയേറ്റ നീക്കത്തിന്റെ ഭാഗമായി ഇസ്റാഈല്‍ നാബ്ലുസിനടുത്ത് 900 ചതുരശ്ര കി. മി സ്ഥലം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
2014 ഡിസംബറില്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന് ഭൂമിയായ അമോന മേഖലയിലെ ജൂതകുടിയേറ്റം രണ്ടുവര്‍ഷത്തിനകം ഒഴിക്കണമെന്ന് ഇസ്റാഈല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ ശേഷവും കുടിയേറ്റം ഒഴിയാത്തതിനെ തുടര്‍ന്ന് അമോനയില്‍ ജൂതകുടിയേറ്റക്കാരും പൊലിസും തമ്മില്‍ കഴിഞ്ഞ മാസം ഏറ്റുമുട്ടലുണ്ടായി.
പുതിയ കുടിയേറ്റ പദ്ധതിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ നല്‍കിയതായി ഇസ്റാഈല്‍ പത്രമായ ദി ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."